ചരക്ക് കടത്തിന് ഡിജിറ്റൽ കുതിപ്പ്; സമഗ്ര ലോജിസ്റ്റിക്സ് നിയമവും പോർട്ടലും വരുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ചരക്ക്-സേവന കൈമാറ്റ മേഖലയെ അടിമുടി നവീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം പുതിയ നിയമം കൊണ്ടുവരുന്നു. റോഡ്-റെയിൽ- ജലപാത എന്നിവ സംയോജിപ്പിക്കുന്ന നിലവിലെ ചരക്ക് കടത്ത് നിയമത്തിന് ബദലായാണ് സമഗ്ര ദേശീയ ലോജിസ്റ്റിക്സ് നിയമം (എൻ.എൽ.ഇ.എ.പി.എസ്) വാണിജ്യ മന്ത്രാലയം തയാറാക്കുന്നത്. വ്യാപാരം, കയറ്റുമതി എന്നിവ വർധിപ്പിച്ച് ഇന്ത്യയെ ചരക്ക് കടത്ത് സൂചികയിൽ മുന്നിലെത്തിക്കുകയാണ് പ്രധാനലക്ഷ്യം. ഡിജിറ്റൽവത്കരണത്തിലൂടെ ചരക്ക് കടത്ത് കൂടുതൽ ലളിതമാക്കുന്നതിനും നിയമത്തിൽ ഊന്നലുണ്ടാകും.
ഉപഭോക്താക്കൾക്ക് സാധനങ്ങളും സേവനങ്ങളും എത്തിക്കുന്ന ലോജിസ്റ്റിക്സ് മേഖല എന്താണ് എന്നതിൽ വ്യക്തമായ ധാരണയില്ലെന്നും ആ ദിശയിലുള്ള ആലോചനയിൽ നിന്നാണ് പുതിയ നിയമത്തിെൻറ ആവശ്യകത ബോധ്യപ്പെട്ടതെന്നും കേന്ദ്ര ലോജിസ്റ്റിക്സ് വിഭാഗം സ്പെഷൽ സെക്രട്ടറി പവൻ അഗർവാൾ പറഞ്ഞു. വ്യവസായ-വാണിജ്യ സംഘടനയായ പി.എച്ച്.ഡി.സി.സി.ഐയുടെ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 14 ശതമാനം ചരക്ക് കടത്തിന് ചെലവഴിക്കുന്നുണ്ട്. ഇത് 10 ശതമാനമായി കുറക്കാനാണ് ശ്രമം.
ഉയർന്ന ചരക്ക് കടത്ത് കൂലി മൂലം ആഭ്യന്തര ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരക്ഷമത നഷ്ടപ്പെടുന്നതും ലോജിസ്റ്റിക്സ് നിയമത്തിലേക്ക് നയിച്ച ഘടകമാണ്. മേഖലയിൽ ഡിജിറ്റൽവത്കരണം നടക്കുന്നുണ്ടെങ്കിലും സാങ്കേതികതയോട് കടുത്ത വിമുഖതയാണുളളത്. പ്രത്യേകിച്ച് ട്രക്കുകൾക്ക്-അഗർവാൾ പറഞ്ഞു. ദേശീയ ലോജിസ്റ്റിക്സ് പോർട്ടലും കേന്ദ്രം തയാറാക്കുന്നുണ്ട്.
ജി.പി.എസ് നിർബന്ധമാക്കുന്നതിനൊപ്പം ചരക്ക് കൈമാറ്റത്തിന് ഇലക്ട്രോണിക് തെളിവ് ഹാജരാക്കുന്ന രീതിയും വേണ്ടിവരും. നിയമത്തിെൻറ കരട് തയാറായാൽ കൂടുതൽ ചർച്ചകൾക്കായി അത് സംഘടനകൾക്കു മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.