കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ദിഗ്‍വിജയ സിങ്ങും?
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചന നൽകി മുതിർന്ന നേതാവ് ദിഗ്‍വിജയ സിങ്. അശോക് ഗെഹ്ലോട്ടിനും ശശി തരൂരിനുമൊപ്പം ദിഗ്‍വിജയ സിങ്ങും രംഗത്തെത്തിയാൽ മത്സരം കടുത്തതാവും. നിലവിൽ സാധ്യതകളിൽ മുന്നിൽ നിൽക്കുന്ന അശോക് ഗെഹ്ലോട്ട് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം രാജസ്ഥാൻ മുഖ്യമന്ത്രി പദം തീർച്ചയായും ഒഴിയേണ്ടി വരുമെന്നും ദിഗ്‍വിജയ സിങ് ചൂണ്ടിക്കാട്ടി.
'ഒരാൾക്ക് ഒരു പദവി'എന്നത് രാജസ്ഥാനിലെ ഉദയ്പൂരിൽ ഈയിടെ നടന്ന നേതൃയോഗത്തിൽ തീരുമാനമായെങ്കിലും 'തനിക്ക് ഒന്നല്ല, മൂന്നു പദവികൾ കൈകാര്യം ചെയ്യാൻ കഴിയും'എന്ന് ബുധനാഴ്ച ഗെഹ്ലോട്ട് പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസ് പ്രസിഡന്റായാൽ മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വരുമെന്നുള്ള ദിഗ്‍വിജയ സിങ്ങിന്റെ അഭിപ്രായ പ്രകടനം.
'അശോക് ഗെഹ്ലോട്ടാണോ ശശി തരൂർ ആണോ?' എന്ന ചോദ്യത്തിന് മറുപടി പറയവേയാ താനും മത്സരിച്ചേക്കുമെന്ന് ദിഗ്‍വിജയ സിങ് പ്രതികരിച്ചത്. 'നമുക്ക് കാണാം. മത്സരിക്കാനുള്ള സാധ്യത ഞാനും എഴുതിത്തള്ളുന്നില്ല. എന്തുകൊണ്ട് നിങ്ങൾ എന്നെ പുറത്തുനിർത്താൻ ആഗ്രഹിക്കുന്നു? എല്ലാവർക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. 30-ാം തീയതി (നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം) വൈകീട്ട് നിങ്ങൾക്ക് അതിന്റെ ഉത്തരം കിട്ടും' -എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ദിഗ്‍വിജയ സിങ് പറഞ്ഞു.
'മത്സരത്തിൽ ഗാന്ധികുടുംബത്തിലെ ആരും ഇല്ലെന്നതിൽ ആശങ്കപ്പെടാനൊന്നുമില്ല. ആർക്കുവേണമെങ്കിലും മത്സരിക്കാനുള്ള അവകാശമുണ്ട്. മത്സരിക്കുന്നില്ലെന്ന് ആരെങ്കിലും തീരുമാനിച്ചാൽ, അവരെ നിർബന്ധിച്ച് രംഗത്തിറക്കാനും കഴിയില്ല. അത്രയേയുള്ളൂ.' -ദിഗ്‍വിജയ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.