'ഒത്തൊരുമിച്ചില്ലെങ്കിൽ 2023ലേത് കോൺഗ്രസിന്റെ അവസാന തെരഞ്ഞെടുപ്പ്'; പ്രവർത്തകരോട് ദിഗ്വിജയ് സിങ്
text_fieldsഭോപാൽ: ഒത്തൊരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ 2023ലേത് മധ്യപ്രദേശിലെ തങ്ങളുടെ അവസാന നിയമസഭ തെരഞ്ഞെടുപ്പാകുമെന്ന് കോൺഗ്രസ് പ്രവർത്തകരെ ഉപദേശിക്കുന്ന മുതിർന്ന നേതാവ് ദിഗ്വിജയ് സിങ്ങിന്റെ വിഡിയോ പുറത്ത്. രത്ലം ജില്ല സന്ദർശിച്ച വേളയിൽ ചിത്രീകരിച്ച വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
'നിങ്ങളെല്ലാവരും പരസ്പരം സംസാരിക്കാൻ തയാറല്ല. ഒരാൾ ഇവിടെയും മറ്റൊരാൾ അവിടെയും മൂന്നാമതൊരാൾ മറ്റൊരിടത്തും നിൽക്കുന്നു. ഈ രീതിയിലാണെങ്കിൽ കാര്യങ്ങൾ നടക്കില്ല'-മുൻ മുഖ്യമന്ത്രി പറഞ്ഞു.
'നിങ്ങളോട് ഞാൻ പറയുന്നു, ഇത് അവസാന തെരഞ്ഞെടുപ്പാണ്. സത്യസന്ധമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരിക്കുക. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരില്ല. അപ്പോൾ നിങ്ങൾക്ക് പ്രവർത്തകരെ കണ്ടെത്താനും കഴിയില്ല'-ദിഗ്വിജയ് സിങ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ 2023 അവസാനത്തോടെയാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 2018ൽ 15 വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയിരുന്നു.
എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമൽനാഥും തമ്മിൽ ഉടലെടുത്ത അധികാര വടം വലിയെ തുടർന്ന് 22 കോൺഗ്രസ് എം.എൽ.എമാർ ബിജെപിയിലേക്ക് കൂറുമാറി. ഇതോടെ കമൽനാഥ് സർക്കാർ 15 മാസം കൊണ്ട് താഴെ വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.