സിമി പ്രവര്‍ത്തകരുടെ കൊല: ജുഡീഷ്യല്‍ അന്വേഷണം വേണം –പ്രതിപക്ഷം
text_fieldsന്യൂഡല്‍ഹി: ഭോപാലിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് സംശയിക്കേണ്ടതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്, സി.പി.എം, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആവശ്യമുന്നയിച്ചു. പൊലീസിന്‍െറയും അധികൃതരുടെയും വിശദീകരണത്തിന്‍െറ ആധികാരികതയില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ടവര്‍ കടുത്ത സംശയം പ്രകടിപ്പിച്ചു. എട്ടു വിചാരണ തടവുകാര്‍ ജയില്‍ ചാടുകയാണോ ചാടിക്കുകയാണോ ഉണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ് ചോദിച്ചു.
സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവായ കമല്‍നാഥ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരെ ഭീകരരായി ചിത്രീകരിക്കുന്നതില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് മാധ്യമങ്ങളെ വിമര്‍ശിച്ചു. വിചാരണ തടവുകാരായ എട്ടുപേരാണ് കൂട്ടക്കൊലക്കിരയായത്. അവര്‍ക്കെതിരെ പൊലീസ് പറയുന്ന കുറ്റങ്ങള്‍ അവര്‍ ഏറ്റുപറയുകയോ കോടതിയില്‍ തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ളെന്ന് വൃന്ദ ചൂണ്ടിക്കാട്ടി.
തടവു ചാടിയെന്നു പറയുന്ന എട്ടുപേരും വിജനമായ സ്ഥലത്ത് കൂട്ടത്തോടെ കൊല്ലപ്പെട്ടത് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ പറഞ്ഞു. എന്നാല്‍, ദേശീയതയുടെ പ്രശ്നത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ധീരമായ നടപടിയാണ് മധ്യപ്രദേശ് പൊലീസിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.
ഏറ്റുമുട്ടല്‍ കൊല വിഷയമാക്കാതെ കേന്ദ്രം
ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് എട്ടുപേര്‍ തടവുചാടിയ സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കും.
ജയില്‍ ചാടിയതിനെക്കുറിച്ചാണ് പ്രധാന അന്വേഷണം. അവരെ ഏറ്റുമുട്ടലില്‍ വധിച്ചത് പൊലീസിന്‍െറ ധീരതയായി സംസ്ഥാന ഭരണകൂടവും കേന്ദ്രവും ബി.ജെ.പിയും വിശേഷിപ്പിക്കുന്നതിനിടയില്‍, ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച അന്വേഷണത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ഒന്നും പറഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി സംസാരിച്ചിരുന്നു. അതിനുശേഷമാണ് തീരുമാനം.
സുരക്ഷാപ്പിഴവ്, ജയില്‍ചാട്ടത്തിന്‍െറ ഭീകരബന്ധം തുടങ്ങിയ വശങ്ങളാണ് എന്‍.ഐ.എ അന്വേഷണത്തില്‍ പ്രധാനമാവുക. സുരക്ഷാവീഴ്ച മുന്‍നിര്‍ത്തി ഏതാനും ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ചത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം മറികടക്കാനുള്ള ശ്രമംകൂടിയാണ് ഈ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.