'ദില്ലി ചലോ' മാര്‍ച്ചിൽ സംഘര്‍ഷം: സമരക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച് പൊലീസ്; 17 കര്‍ഷകര്‍ക്ക് പരിക്ക്
text_fieldsന്യൂഡൽഹി: കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് സമരക്കാരെ തടഞ്ഞു. ഹരിയാന - പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ 17 കർഷകർക്ക് പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് 'ദില്ലി ചലോ' മാര്‍ച്ച് ഇന്ന് വീണ്ടും തുടങ്ങിയത്.
സംഘഷത്തെ തുടർന്ന് മാർച്ച് താത്കാലികമായി നിർത്തിവെച്ചതായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍ പറഞ്ഞു. പാര്‍ലമെന്‍റില്‍ ഭരണഘടനയുടെ 75ാം വാര്‍ഷിക ചര്‍ച്ചകള്‍ പുരോഗമിക്കുകകയാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവിടെ ആരും ഉന്നയിക്കുന്നില്ലെന്നും പാന്ഥര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രതിഷേധം ഏത് ഭരണഘടനയില്‍ പെടുത്തുമന്നും അദ്ദേഹം ചോദിച്ചു. 101 കര്‍ഷകരുടെ ഒരു ജാഥ എങ്ങനെയാണ് രാജ്യത്തെ ക്രമസമാധാനത്തെ ബാധിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.
സമരത്തിന്‍റെ തുടര്‍ നടപടികള്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. രാസവസ്‌തുക്കള്‍ ചേര്‍ത്ത വെള്ളമാണ് സമരക്കാര്‍ക്കെതിരെ പൊലീസ് ഉപയോഗിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു. ധാരാളം കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അംബാല കന്‍റോണ്‍മെന്‍റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രജാത് ഗൂലിയ കര്‍ഷകരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
വിളകളുടെ ചുരുങ്ങിയ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, വൈദ്യുത ചാര്‍ജ് വര്‍ധിപ്പിക്കാതിരിക്കുക, 2021 ലഖിംപൂര്‍ ഖേരി ആക്രമണത്തിന്‍റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുക, കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും കിസാന്‍ മസ്‌ദൂര്‍ മോര്‍ച്ചയുടെയും ആഭിമുഖ്യത്തിലാണ് കര്‍ഷക മാര്‍ച്ച്. തങ്ങളുടെ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലും ഖനൗരിയിലുമായി ഫെബ്രുവരി പതിമൂന്ന് മുതല്‍ കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് കര്‍ഷകര്‍ അവിടെ പ്രതിഷേധം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.