ചീഫ് ജസ്റ്റിസായി അവസാന വിധി ഇന്ന്; ദീപക് മിശ്ര നാളെ സ്ഥാനമൊഴിയും
text_fieldsന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും. ചീഫ് ജസ്റ്റിസ് ആയി ഇന്ന് അവസാന വിധിയും പറഞ്ഞ ശേഷമായിരിക്കും ദീപക് മിശ്ര സ്ഥാനമൊഴിയുക. പൊതുമുതൽ നശിപ്പിക്കുന്നതു സംബന്ധിച്ച കേസിലാണ് ഇന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത്. ബോളിവുഡ് സിനിമയായ പത്മാവതിെൻറ പ്രദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചതിെന തുടർന്ന് കൊടുങ്ങല്ലൂർ കേന്ദ്രമായ ഏജൻസിയാണ് ഹരജി നൽകിയത്. കേസിൽ വിധി പറഞ്ഞ ശേഷമായിരിക്കും ദീപക് മിശ്ര സ്ഥാനമൊഴിയുക.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നാല് സുപ്രധാന വിധികളാണ് അദ്ദേഹം അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്. ശബരിമല സ്ത്രീ പ്രവേശനം, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുക, നിബന്ധനയോട് കൂടി ആധാറിന് അംഗീകാരം, മുസ്ലിംകൾക്ക് പ്രാർഥനക്ക് പള്ളി നിർബന്ധമല്ലെന്ന ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കില്ല തുടങ്ങിയവയായിരുന്നു അത്.
വിവാദങ്ങൾ നിറഞ്ഞതായിരുന്നു ദീപക് മിശ്രയുടെ കാലം. മെഡിക്കൽ പ്രവേശന വിധിക്ക് കോഴ വാങ്ങി എന്ന ആരോപണം നേരിട്ട മിശ്രക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാർ പരസ്യമായി രംഗത്തെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നാലു ജഡ്ജിമാരും ചീഫ് ജസ്റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തി. കേസ് പങ്കുവെക്കുന്നതിൽ ദീപക് മിശ്ര വിവേചനം കാണിക്കുന്നുവെന്നും കോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാർത്താസമ്മേളനം. എന്നാൽ കേസ് കൈമാറുന്നതിലും മറ്റും തനിക്ക് തന്നെയാണ് അധികാരമെന്നും മാസ്റ്റർ ഒാഫ് ദ റോസ്റ്റർ (തുല്യരിൽ ഒന്നാമൻ) താനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം ഇംപീച്ച്മെൻറ് നടപടിക്കൊരുങ്ങിയതും രാജ്യം കണ്ടു. വിവാദങ്ങൾക്കൊടുവിൽ ശക്തമായ വിധികൾകൊണ്ട് വിമർശകരെ അത്ഭുതപ്പെടുത്തികൊണ്ടാണ് ദീപക് മിശ്ര പടിയിറങ്ങുന്നത്.
രഞ്ജൻ ഗോഗോയിയാണ് അടുത്ത ചീഫ് ജസ്റ്റിസ്. ബുധനാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.