ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് 20ാം സ്വർണം; സുവർണ നേട്ടം സ്ക്വാഷിൽ
text_fieldsഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. സ്ക്വാഷിൽ മിക്സ്ഡ് ഡബിൾസ് ഇനത്തിലാണ് ദീപിക പള്ളിക്കൽ-ഹരീന്ദർപാൽ സിങ് സദ്ധു സഖ്യം സ്വർണം നേടിയത്. ഫൈനലിൽ മലേഷ്യയെയാണ് ഇരുവരും തകർത്തത്. ആദ്യ ഗെയിം 11-10 എന്ന സ്കോറിന് ഇന്ത്യ നേടി. രണ്ടാം ഗെയിമിൽ 9-3 എന്ന സ്കോറിന് മുന്നിട്ട് നിന്ന ശേഷം ഇന്ത്യ പിന്നോട്ട് പോയി. പിന്നിൽ നിന്നും കയറി വന്ന മലേഷ്യ സമനില പിടിച്ചു. എന്നാൽ, നിർണായകമായ രണ്ട് പോയിന്റ് സ്വന്തമാക്കി സദ്ധു മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി.
ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 20 ആയി ഉയർന്നു. 31 വെള്ളിയും 32 വെങ്കലവും ഉൾപ്പടെ 83 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. കഴിഞ്ഞ വർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ 81 മെഡലെന്ന നേട്ടം ഇന്ത്യ മറികടന്നിരുന്നു.
അതേസമയം, ബാഡ്മിന്റണിൽ പി.വി സിന്ധു പുറത്തായെങ്കിലും സെമി ഫെനലിൽ കടന്ന് എച്ച്.എസ് പ്രണോയ് ഇന്ത്യക്കായി മെഡലുറപ്പിച്ചു. 21-6, 21-16, 22-30 എന്ന സ്കോറിനാണ് പ്രണോയിയുടെ ജയം. നേരത്തെ ചൈനയുടെ ഹി ബിങ്ജിയോയോടാണ് സിന്ധു തോറ്റത്. 16-21, 12-21 എന്ന് സ്കോറിനായിരുന്നു തോൽവി. ഗുസ്തിയിൽ ഇന്ത്യൻ താരം പൂജ ഗെഹ്ലോട്ട് ഫൈനലിൽ കടന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അവർ ഫൈനലിൽ കടന്നത്.
മെഡൽ നിലയിൽ ചൈനയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്. 171 സ്വർണവും 94 വെള്ളിയും 51 വെങ്കലവും ഉൾപ്പടെ 316 മെഡലുമായാണ് ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നത്. 37 സ്വർണവും 51 വെള്ളിയും 59 വെങ്കലവും ഉൾപ്പടെ 147 മെഡലുമായി ജപ്പാനാണ് രണ്ടാം സ്ഥാനത്ത്. 33 സ്വർണവും 45 വെള്ളിയും 70 വെങ്കലവുമായി കൊറിയയാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.