പ്രവാചക നിന്ദ: കേന്ദ്രം വെട്ടിൽ; രാജ്യത്തിനകത്തും പുറത്തും വൻ പ്രതിഷേധം
text_fieldsന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശം രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കിയതോടെ കേന്ദ്ര സർക്കാർ വെട്ടിലായി. ഖത്തർ ഉൾപ്പെടെ ലോക രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രസ്താവനയിൽ പങ്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
പാർട്ടി നിലപാടിന് വിരുദ്ധമാണ് പരാമർശമെന്ന് വിശദീകരിച്ച ബി.ജെ.പി, നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്യുകയും ഡൽഹി മീഡിയ ഇൻചാർജ് നവീൻകുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.
പ്രവാചകനെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണെന്ന് വ്യക്തമാക്കിയ ഖത്തറും കുവൈത്തും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണിത്.
ഒമാനിലെ മത പണ്ഡിതസഭയും പ്രവാചക നിന്ദക്കെതിരെ ശക്തമായ നിലപാടെടുത്തു. രാജ്യത്തിനകത്തും വിവിധ മുസ്‍ലിം സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കാൺപുരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ സംഘർഷത്തിനുൾപ്പെടെ കാരണമായത് നൂപുറിന്‍റെ പരാമർശമായിരുന്നു.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യൻ അംബാസഡർക്ക് കൈമാറിയത്. പരാമർശം നടത്തിയവർക്കെതിരായ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.
ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് ടെലിവിഷൻ ചാനൽ ചർച്ചക്കിടെയാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയത്. ട്വീറ്റിലൂടെയായിരുന്നു നവീൻ കുമാർ ജിൻഡാലിന്റെ അധിക്ഷേപ പരാമർശം. ഈ ട്വീറ്റുകൾ അദ്ദേഹം പിന്നീട് പിൻവലിച്ചു. ഇവരുടെ പരാമർശത്തെ തുടർന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് വിവിധ രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിരുന്നു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും മതനിന്ദ പ്രോത്സാഹിപ്പിക്കില്ലെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺസിങ് വ്യക്തമാക്കി. പാർട്ടി നിലപാടിന് വിരുദ്ധമായി നടത്തിയ പരാമർശത്തിനാണ് നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്തതെന്നും ബി.ജെ.പി അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് അറിയിച്ചു. ഏതെങ്കിലും മതവിഭാഗവുമായി ബന്ധമുള്ള വ്യക്തികളെ അധിക്ഷേപിക്കുക എന്നത് പാർട്ടി നിലപാടല്ലെന്നും നൂപുർ ശർമയെ നേരിട്ട് പരാമർശിക്കാതെ ബി.ജെ.പി വ്യക്തമാക്കി.
അതേസമയം, തന്റെ പരാമർശം നിരുപാധികം പിൻവലിക്കുന്നതായി നൂപുർ ശർമ അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയതിന് ഇവർക്കെതിരെ മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.