എം.പി-എം.എൽ.എമാർ ഉൾപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഹൈകോടതികൾക്ക് മാർഗനിർദേശം
text_fieldsന്യൂഡല്‍ഹി: എം.പി, എം.എൽ.എമാർക്കെതിരെയുള്ള ക്രിമിനല്‍ക്കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈകോടതികള്‍ക്ക് മാര്‍ഗനിർദേശവുമായി സുപ്രീംകോടതി. ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്പ്പുകൽപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് മാർഗനിർദേശം.
രാജ്യം മൊത്തം ബാധകമാകുന്ന ഏകീകൃത നിയമം പുറപ്പെടുവിക്കാന്‍ തങ്ങൾക്ക് സാധിക്കില്ലെന്നും കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പുകൽപിക്കുന്നതിനായി പൊതുനിര്‍ദേശം പുറപ്പെടുവിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.
എം.പി, എം.എൽ.എമാർക്കെതിരായ കേസുകള്‍ നേരത്തെ തീര്‍പ്പാക്കുന്നതിന്, നിരീക്ഷിക്കേണ്ട കേസുകളില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് സ്വമേധയ ഒരു കേസ് രജിസ്റ്റര്‍ ചെയ്യണം. ഈ കേസ് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക ബെഞ്ചോ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തുന്ന ബെഞ്ചോ പരിഗണിക്കണം. കൃത്യമായ ഇടവേളകളില്‍ പ്രത്യേക ബെഞ്ച് കേസുകള്‍ ലിസ്റ്റ് ചെയ്യണം. ആവശ്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും ഹൈകോടതിക്ക് പറപ്പെടുവിക്കാം. അഡ്വക്കറ്റ് ജനറലിന്റെയോ പ്രോസിക്യൂട്ടറുടെയോ സഹായം തേടാവുന്നതാണ്.
പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് ജഡ്ജാണ് കീഴ്കോടതിയില്‍ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടത്. ഇത്തരം കേസുകളില്‍ ഹൈകോടതി റിപ്പോര്‍ട്ട് തേടണം. വധശിക്ഷ-ജീവപര്യന്തം ലഭിക്കാവുന്ന കേസുകള്‍, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കേസുകള്‍, മറ്റു കേസുകള്‍ എന്നിങ്ങനെ കേസുകളെ മുന്‍ഗണനാക്രമത്തില്‍ തിരിക്കണം. ചീഫ് ജസ്റ്റിസ് സ്റ്റേയുള്ള കേസുകള്‍ കണ്ടെത്തുകയും അതിന്റെ വിചാരണ ആരംഭിക്കുന്നതിനുള്ള മാര്‍ഗം സ്വീകരിക്കുകയും ചെയ്യണം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വിചാരണക്കോടതിയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഉറപ്പുവരുത്തണം. കേസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വെബ്സൈറ്റില്‍ പ്രത്യേക വിഭാഗം വേണമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.