പ്രശാന്ത് കിഷോറിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പാർട്ടി പ്രവേശനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത തുടരുന്നു.
കിഷോർ സമർപ്പിച്ച തെരഞ്ഞെടുപ്പ് രൂപരേഖ സംബന്ധിച്ചും പാർട്ടി പ്രവേശനത്തിലും കോൺഗ്രസ് നേതൃയോഗം തിങ്കളാഴ്ച ചർച്ച നടത്താനിരിക്കെ ഞായറാഴ്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയുമായി അദ്ദേഹം തെരഞ്ഞെടുപ്പ് കാമ്പയിൻ കരാറിൽ ഏർപ്പെട്ടത് എതിർപ്പ് രൂക്ഷമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും അംബിക സോണിയും പ്രശാന്ത് കിഷോർ മുന്നോട്ടുവെച്ച നിർദേശങ്ങളിലും അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനത്തിലും അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ ദ്വിഗ്വിജയ് സിങ്, മുകുൾ വാസ്നിക്, രൺദീപ് സുർജേവാല, ജയറാം രമേഷ് എന്നിവരാണ് തുടർച്ചയായി എതിർപ്പ് ഉന്നയിച്ച് രംഗത്തുള്ളത്. കിഷോർ പാർട്ടിയിൽ വന്നാലുണ്ടാവുന്ന നേട്ടവും കോട്ടവും എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ടുകൾ.
കിഷോറിന് പാർട്ടിയിൽ പ്രവേശനം നൽകിയാൽ പ്രധാന പദവി നൽകേണ്ടിവരും. ഇത് പാർട്ടി അടക്കി വാഴുന്നതിലേക്ക് നീങ്ങുമെന്നാണ് എതിർപ്പ് ഉന്നയിക്കുന്നവർ പ്രധാനമായും പറയുന്നത്. കിഷോർ സമർപ്പിച്ച തെരഞ്ഞെടുപ്പ് നയ രൂപരേഖ സംബന്ധിച്ച് പഠിക്കാൻ പ്രിയങ്ക ഗാന്ധി, ദിഗ്വിജയ്സിങ്, ജയറാം രമേശ്, മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെയാണ് സോണിയ ഗാന്ധി നിയോഗിച്ചത്. ഇവർ ഏപ്രിൽ 21ന് പഠന റിപ്പോർട്ട് സോണിയക്ക് സമർപ്പിച്ചു. ഇതിൻമേലാണ് തിങ്കളാഴ്ച നേതൃയോഗം നടന്നത്.
മറ്റു പാർട്ടികളുമായുള്ള ബന്ധം കിഷോർ ഉപേക്ഷിക്കണമെന്നാണ് വിയോജിപ്പുള്ള കോൺഗ്രസ് നേതാക്കൾ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെയാണ് ശനിയാഴ്ച ഹൈദരാബാദിലെത്തിയ കിഷോർ ടി.ആർ.എസിന്റെ തെരഞ്ഞെടുപ്പ് കാമ്പയിൻ ചുമതല ഏറ്റെടുക്കുന്നത്. തിങ്കളാഴ്ച നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ എടുത്ത തീരുമാനങ്ങൾ പാർട്ടി വക്താവ് രൺദീപ് സുർജേവാല വിശദീകരിച്ചപ്പോർ കിഷോറിന്റെ പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.