ജെ.ഡി-എസിൽ പിളർപ്പിന്റെ വഴിതുറന്ന് അച്ചടക്ക നടപടി; സി.കെ. നാണുവിനെയും സി.എം. ഇബ്രാഹിമിനെയും പുറത്താക്കി
text_fieldsബംഗളൂരു: ജനതാദൾ-എസ് ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു, കർണാടക സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ അറിയിച്ചു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ഇരുവർക്കുമെതിരായ ആരോപണം.
ജെ.ഡി-എസ് ആസ്ഥാനമായ ബംഗളൂരുവിലെ ജെ.പി ഭവനിൽ ശനിയാഴ്ച ചേർന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. തിങ്കളാഴ്ച ബംഗളൂരുവിൽ സി.കെ. നാണുവിന്റെയും സി.എം. ഇബ്രാഹിമിന്റെയും നേതൃത്വത്തിൽ ജെ.ഡി-എസ് ദേശീയ യോഗം നടക്കാനിരിക്കെയാണ് നടപടി. ദേശീയ അധ്യക്ഷൻ പദവിയിലിരിക്കെ, വൈസ് പ്രസിഡന്റായ സികെ. നാണു യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.
ബംഗളൂരുവിൽ ശനിയാഴ്ച നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ ദേവഗൗഡ, മകനും കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി എന്നിവർക്കുപുറമെ, എല്ലാ സംസ്ഥാന പ്രസിഡന്റുമാരും നിർവാഹക സമിതിയംഗങ്ങളും പങ്കെടുത്തതായാണ് അവകാശവാദം. എന്നാൽ, കേരള പ്രസിഡന്റ് മാത്യു ടി. തോമസ് അടക്കം കേരളത്തിൽനിന്നുള്ള 11 നിർവാഹക സമിതിയംഗങ്ങൾക്കും യോഗത്തിലേക്ക് ക്ഷണമില്ലാതിരുന്നതിനാൽ ആരും എത്തിയില്ല.
ജെ.ഡി-എസ് മാണ്ഡ്യ ജില്ല പ്രസിഡന്റ് ഡി. രമേശ്, പശ്ചിമ ബംഗാൾ അധ്യക്ഷൻ പുനീത് കുമാർ സിങ് എന്നിവർ പുറത്താക്കൽ പ്രമേയം അവതരിപ്പിച്ചു. ഐകകണ്ഠ്യേനയാണ് പുറത്താക്കൽ തീരുമാനമെന്നും സി.കെ. നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് സി.എം. ഇബ്രാഹിം കൂടെ നിർത്തിയതെന്നും ഗൗഡ കുറ്റപ്പെടുത്തി. കേരളത്തിൽ പാർട്ടി സ്വതന്ത്ര നിലപാടെടുത്താണ് മുന്നോട്ടുപോകുന്നതെന്ന് ഗൗഡ ആവർത്തിച്ചു. അടുത്ത മാസത്തോടെ പാർട്ടി സാന്നിധ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും പുനഃസംഘടന നടത്താനാണ് ദേവഗൗഡ പക്ഷത്തിന്റെ നീക്കം.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ നിലനിൽപുതന്നെ ഭീഷണിയിലായ ജെ.ഡി-എസ്, വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൻ.ഡി.എയുമായി സഖ്യം തീർത്തതാണ് പാർട്ടിയിൽ കലഹത്തിന് വഴിവെച്ചത്. പാർട്ടി ദേശീയ സമിതിയിൽ ചർച്ചചെയ്യാതെ എച്ച്.ഡി. ദേവഗൗഡയും മകൻ എച്ച്.ഡി. കുമാരസ്വാമിയും മാത്രമായെടുത്തതാണ് സഖ്യ തീരുമാനമെന്നാണ് മറുവിഭാഗം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയുമായുള്ള സഖ്യത്തിൽ എതിർപ്പുള്ള ജെ.ഡി-എസ് നേതാക്കളുടെ ദേശീയ യോഗമാണ് തിങ്കളാഴ്ച ബംഗളൂരുവിൽ വിളിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.