ഹജ്ജ് യാത്രാ നിരക്ക്: കോഴിക്കോട്ടെ 40,000 രൂപ ഇളവ് അപര്യാപ്തമെന്ന് എം.പിമാർ
text_fieldsന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്കിലെ വിവേചനം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയെ കണ്ടു. ബുധനാഴ്ച മുസ്‍ലിം ലീഗ് എം.പിമാർ കേന്ദ്ര മന്ത്രിയെ കണ്ട് ഇതേ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച കോൺഗ്രസ് എം.പിമാരുടെയും ആർ.എസ്.പി എം.പിയുടെയും കൂടിക്കാഴ്ച.
കരിപ്പൂരിൽ നിന്നുള്ള യാത്രാ തുകയിൽ 40,000 രൂപ കുറക്കാമെന്ന് മുസ്‍ലിം ലീഗ് എം.പിമാർക്ക് മന്ത്രി നൽകിയ ഉറപ്പ് പോരെന്നും കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമാക്കണമെന്നും ലീഗിതര യു.ഡി.എഫ് എം.പിമാർ കേന്ദ്ര ന്യൂനപക്ഷ മന്ത്രിയോട് ആവശ്യപ്പെട്ടു. എം.പിമാരുടെ ആവശ്യം എയർ ഇന്ത്യാ മനേജ്മെന്റുമായി ചർച്ച ചെയ്യാമെന്നും ശേഷം വിവരം അറിയിക്കാമെന്നും സ്മൃതി ഇറാനി മറുപടി നൽകി.
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് തീർഥാടകരോടുള്ള വിവേചനം പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ് എന്നിവർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയപ്പോഴാണ് 510 ഡോളർ (40,000ൽ പരം ഇന്ത്യൻ രൂപ) കുറവ് വരുത്താമെന്ന് സ്മൃതി ഇറാനി ഉറപ്പു നൽകിയത്. എന്നാൽ വ്യാഴാഴ്ച കേന്ദ്ര മന്ത്രിയെ കണ്ട കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.കെ രാഘവൻ, ബെന്നി ബഹ്നാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, ടി. എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാകോസ് എന്നിവരുംആർ.എസ്.പി എം.പി എൻ.കെ പ്രേമചന്ദ്രനും 510 ഡോളർ കുറവ് വരുത്താമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും സംസ്ഥാനത്തെ എല്ലാ എംബാർക്കേഷൻ പോയിന്റുകളുടെയും നിരക്ക് തുല്യമായി ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.
1977 ഡോളർ ആണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കോഴിക്കോട് നിന്നുള്ള നിരക്കായി ക്വോട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. കൊച്ചിയിൽ 1073 ഡോളറും കണ്ണൂരിൽ ഇത് 1068 ഡോളറുമാണ്. കോഴിക്കോട് നിന്നുള്ള നിരക്ക് ക്രമാതീതമായതിനാലും ഒരു കമ്പനി മാത്രം പങ്കെടുത്ത ടെണ്ടർ ആയതിനാലും മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലെയും നിരക്ക് ഏകീകരിക്കുക മാത്രമാണ് പരിഹാരമെന്നു൦ എം.പിമാർ ചൂണ്ടികാട്ടി. കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കായി വലിയ വിമാനം ഉപയോഗിക്കണമെന്ന എം.പിമാരുടെ ആവശ്യത്തോട് ഇക്കാര്യം വ്യോമയാന മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.