അമിത് ഷായുമായി ചർച്ച ചെയ്തത് കാർഷിക നിയമങ്ങളെ കുറിച്ചെന്ന് അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയിൽ ചെന്ന് കണ്ട് ചർച്ച നടത്തിയത് കാർഷിക നിയമങ്ങളെ കുറിച്ചാണെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. നിലവിലെ പ്രതിസന്ധി സാഹചര്യം എത്രയും വേഗം പരിഹരിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതായും അമരീന്ദർ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന അമരീന്ദർ അമിത് ഷായെ കണ്ടത് ഏറെ അഭ്യൂഹത്തിനിടയാക്കിയിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ അമരീന്ദർ എത്തിയത്. ബി.ജെ.പിയിൽ ചേർന്നേക്കുമോയെന്ന അഭ്യൂഹങ്ങൾ ഇതിന് പിന്നാലെ വന്നിരുന്നു. എന്നാൽ, രാഷ്ട്രീയപരമായ ചർച്ചകൾ നടന്നിട്ടില്ലെന്നാണ് അമരീന്ദറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നത്.
പഞ്ചാബ് കോൺഗ്രസിലെ രൂക്ഷമായ പടലപ്പിണക്കത്തിനൊടുവിൽ ഈ മാസം 18നാണ് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിധുവുമായുള്ള ഭിന്നതകളാണ് രാജിക്കിടയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ പാർട്ടി ദേശീയ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നില്ല. അതിനിടെ, കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഇന്നലെ നവ്ജോത് സിങ് സിധുവും രാജിക്കത്ത് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.