ചർച്ച, വാഗ്യുദ്ധം; സൈനിക പിൻമാറ്റം വേഗത്തിലാക്കാൻ ചർച്ചയിൽ ധാരണ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽനിന്ന് സൈന്യങ്ങളെ പിൻവലിക്കാനുള്ള ഇന്ത്യ- ചൈന ധാരണ അതിേവഗം നടപ്പാക്കാൻ ചർച്ചയിൽ തീരുമാനമായതായി വിദേശകാര്യമന്ത്രാലയം.
ജൂൺ 15ന് ഗൽവാൻ താഴ്വരയിൽ 20 സൈനികരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിൽ ഇന്ത്യ ചൈനയെ ആശങ്ക അറിയിച്ചു. യഥാർഥ നിയന്ത്രണരേഖ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തിലെ പൂർവേഷ്യ വിഭാഗം ജോ.സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ ഡയറക്ടർ ജനറൽ വു ജിയാൻഹോയുമാണ് വിഡിയോ കോൺഫറൻസിങ് വഴി സംസാരിച്ചത്. സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരാൻ ചർച്ചയിൽ ധാരണയായി.
അതിനിടെ, പ്രകോപനസ്വരവുമായി ചൈന. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽനിന്ന് ഇന്ത്യയാണ് പിന്മാറേണ്ടതെന്നും ഗൽവാൻ താഴ്വരയിൽ പേട്രാളിങ് നടത്തുകയോ സൗകര്യങ്ങൾ നിർമിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും ധാരണ ലംഘിച്ചത് ഇന്ത്യയാണെന്നും ചൈനീസ് വിദേശ-പ്രതിരോധ മന്ത്രാലയങ്ങൾ കുറ്റപ്പെടുത്തി.
ലഫ്. ജനറൽ തലത്തിൽ നടന്ന ദീർഘചർച്ചയെ തുടർന്ന് ഗൽവാനിൽനിന്ന് പിന്മാറാൻ ധാരണ രൂപപ്പെട്ടതിന് പിറ്റേന്നാണ് ചൈനയുടെ പുതിയ വാദമുഖം.
ഗൽവാൻ താഴ്വരയിൽ ചൈനക്ക് പരമാധികാരമുണ്ടെന്ന് ചൈനീസ് സീനിയർ കേണലും പ്രതിരോധ വക്താവുമായ വു ഖിയാൻ പറഞ്ഞു. ഏപ്രിൽ മുതൽ ഇന്ത്യൻ സേന ഏകപക്ഷീയമായി ഈ മേഖലയിൽ സൗകര്യങ്ങൾ ഒരുക്കുകയാണ്.
മേയ് ആറിന് ഇന്ത്യൻ സേന നിയന്ത്രണരേഖ മറികടന്ന് ചൈനീസ് മണ്ണിൽ വേലി കെട്ടാനെത്തി. ചൈനീസ് സേനയുടെ പതിവ് പട്രോളിങ് തടഞ്ഞു. ഈ സാഹചര്യത്തിൽ ചൈനയുടെ അതിർത്തി സേന നടപടി സ്വീകരിച്ചു.
ജൂൺ 15ന് വൈകീട്ടും ഇന്ത്യൻ സേന സമവായം ലംഘിച്ച് നിയന്ത്രണ രേഖ മറികടന്നു. ചൈനീസ് സേനയെ ആക്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.