ബി.ജെ.പി പടർത്തുന്ന ‘തൊഴിലില്ലായ്മാ രോഗം’ ഹരിയാനയിലെ യുവാക്കളുടെ ഭാവി അപകടത്തിലാക്കി -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ബി.ജെ.പി പടർത്തുന്ന തൊഴിലില്ലായ്മ രോഗം ഹരിയാനയുടെ സുരക്ഷയെയും യുവാക്കളുടെ ഭാവിയെയും ആഴത്തിൽ അപകടത്തിലാക്കിയിരിക്കുകയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിൽ തിരിച്ചുകൊണ്ടുവരുന്നത് കോൺഗ്രസ് സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനം ഹരിയാനയാണെന്നും അദ്ദേഹം ‘എക്സി’ലെ പോസ്റ്റിൽ പറഞ്ഞു.
പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്ന എല്ലാ സംവിധാനങ്ങളുടെയും നട്ടെല്ല് ബി.ജെ.പി തകർത്തു. തെറ്റായ ജി.എസ്.ടിയും നോട്ടുനിരോധനവും കൊണ്ട് ചെറുകിട വ്യവസായങ്ങളുടെയും നട്ടെല്ല് തകർത്തു. അഗ്‌നിവീർകൊണ്ട് സൈനികസേവനത്തിന് തയ്യാറെടുക്കുന്ന യുവാക്കളുടെ മനോവീര്യവും കരിനിയമങ്ങൾ ഉപയോഗിച്ച് കർഷകരുടെ ആത്മവിശ്വാസവും ബി.ജെ.പി തകർത്തു. കായിക താരങ്ങളുടെ സ്വപ്നങ്ങൾ തകർത്തു. ‘പരിവാർ പെഹ്‌ചാൻ പത്ര’യിലൂടെ സർക്കാർ റിക്രൂട്ട്‌മെന്‍റ് നിർത്തിയതുവഴി കുടുംബങ്ങളെ ബി.ജെ.പി തകർത്തു -അദ്ദേഹം തകർച്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞു. ഇതിന്റെ ഫലമായി യുവത്വം മയക്കുമരുന്നിന്റെ പിടിയിൽ നശിക്കുന്നു. നിരാശരായ യുവാക്കൾ കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് നീങ്ങുന്നു. കുടുംബമൊന്നടങ്കം നശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടത്തിയ വിജയ് സങ്കൽപ് യാത്രക്കിടെ ഒരു കൂട്ടം സ്ത്രീകളുമായുള്ള ആശയവിനിമയത്തിന്റെ വിഡിയോയും രാഹുൽ പോസ്റ്റിനൊപ്പം പങ്കിട്ടു. ‘ഹരിയാനയിലെ ചില സഹോദരിമാർ വിജയ് സങ്കൽപ് യാത്രക്കിടെ അഭയം നൽകി. വളരെ സ്‌നേഹത്തോടെ വീട്ടിൽ ഉണ്ടാക്കിയ റൊട്ടി ഭക്ഷണമായി നൽകി. അവർ സംസ്ഥാനത്തിന്റെ സങ്കീർണ്ണമായ പ്രശ്‌നങ്ങളും വിശദീകരിച്ചു’ -ഗാന്ധി പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തിൽ വരുന്ന കോൺഗ്രസ് സർക്കാർ രണ്ടു ലക്ഷം സ്ഥിരം ജോലികളിലേക്ക് റിക്രൂട്ട് ചെയ്യുമെന്നും ഹരിയാനയെ ലഹരിമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ സഹോദരിമാർക്ക് ഈ നാശം അവസാനിപ്പിക്കുമെന്നും അവരുടെ കുട്ടികളെ സംരക്ഷിക്കുമെന്നും തൊഴിൽ തിരിച്ചുകൊണ്ടുവന്ന് എല്ലാ കുടുംബങ്ങളെയും സമൃദ്ധമാക്കുമെന്നും ഉറപ്പു നൽകുന്നുവെന്നും രാഹുൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.