ഗ്രെറ്റ ടൂൾകിറ്റ് കേസ്: ദിശയെ തിരഞ്ഞ് ഡൽഹി പൊലീസ് എത്തിയത് ബംഗളൂരു പൊലീസ് അറിയാതെ
text_fields
ബംഗളൂരു: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ശനിയാഴ്ച കാലാവസ്ഥ ആക്ടിവിസ്റ്റ് ദിശ രവിയെ കസ്റ്റഡിയിലെടുക്കാൻ ബംഗളൂരു നഗരത്തിൽ ഡൽഹി പൊലീസ് എത്തിയത് സംസ്ഥാന പൊലീസ് അറിയാതെ. ദിശ രവിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ഡൽഹി പൊലീസിലെ രണ്ടു വനിതകളടങ്ങിയ അഞ്ചു പേരുടെ സംഘം ശനിയാഴ്ച ഉച്ച 12 മണിയോടെയാണ് ബംഗളൂരുവിൽ ഇറങ്ങുന്നത്. വടക്കൻ ബംഗളൂരുവിൽ ചിക്കബനവരയിലെ അബ്ബിഗെരെയിൽ ദിശ താമസിച്ചുവന്ന വീടിനു സമീപമെത്തിയ സംഘം ഫോൺ നിരീക്ഷിച്ച് ഇവർ അകത്തുണ്ടെന്ന് ഉറപ്പാക്കി.
തുടർന്ന് ഒരു കാറിൽ മൂന്നു പുരുഷൻമാർ വീട്ടുപരിസരം നിരീക്ഷിക്കാനെത്തി മടങ്ങി. അതുകഴിഞ്ഞ് രണ്ടു വനിത പൊലീസുകാരെ കൂടി കൂട്ടി വീണ്ടുമെത്തി. പുരുഷൻമാർ പുറത്തുകാത്തുനിന്ന സമയം വനിത പൊലീസുകാർ ദിശയുടെ വാതിലിൽ മുട്ടി. തുറന്നയുടൻ അകത്തുകയറിയ ഇരുവരും അറസ്റ്റ് നടപടികളിലേക്ക് കടന്നു. തുടർന്ന്, രണ്ടു പുരുഷൻമാർ കൂടി കയറി നടപടികൾ പൂർത്തിയാക്കി ദിശയുമായി മടങ്ങി.
പൊലീസ് ഐ.ഡിയും അറസ്റ്റ് വാറൻറും കാണിച്ച ശേഷം മാത്രമാണ് പൊലീസ് സംഘത്തെ ദിശയും മാതാവും അകത്തുകയറ്റിയതെന്ന് അധികൃതർ പറയുന്നു.
അറസ്റ്റ് കഴിഞ്ഞയുടൻ പൊലീസ് സംഘം ദിശയുടെ ലാപ്ടോപ്പും മൊബൈൽ ഫോണുകളും പരിശോധിച്ചു. ഒരാൾ എല്ലാം റെക്കോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. ഇതിനിടെ, മാതാവ് മഞ്ജുളയുടെ ഒപ്പും സംഘം വാങ്ങി. ഡൽഹി പൊലീസ് സൈബർ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്യുന്നത് എന്നതു സംബന്ധിച്ചായിരുന്നു ഒപ്പുവാങ്ങൽ.
വൈകുന്നേരം 5.30 ഓടെ പൊലീസ് സംഘം എയർപോർട്ടിലേക്ക് നീങ്ങി. ഇതിനിടെ ദിശയുടെ വസ്ത്രങ്ങൾ, മരുന്നുകൾ, പഴങ്ങൾ തുടങ്ങിയവ കൂടി കരുതാൻ പൊലീസ് നിർദേശിച്ചിരുന്നു.
പോകുംവഴി പൊലീസ് സംഘം രണ്ടായി പിരിഞ്ഞു. ഒരുപറ്റം നേരെ കെമ്പഗൗഡ എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങിയപ്പോൾ രണ്ടാം സംഘം സോളദേവനഹള്ളി പൊലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയിച്ചു. ഇതറിഞ്ഞ നാട്ടിലെ പൊലീസ് വാഹനത്തിൽ ദിശയുടെ വീട്ടുപരിസരം വരെ പോയി നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.
ലോകമറിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയുടെ അറസ്റ്റിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. 2018ൽ ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കുന്നതിന് ഏറെ മുമ്പുതന്നെ ഇവർ പരിസ്ഥിതി ബോധവത്കരണവുമായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.