'ഡൽഹി പൊലീസ് അന്വേഷണ വിവരങ്ങൾ ചോർത്തുന്നത് തടയണം'; ഹൈകോടതിയെ സമീപിച്ച് ദിഷ രവി
text_fieldsന്യൂഡൽഹി: ടൂൾ കിറ്റ് കേസിലെ അന്വേഷണ വിവരങ്ങൾ ഡൽഹി െപാലീസ് മാധ്യമങ്ങൾക്ക് ചോർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ച് അറസ്റ്റിലായ ബംഗളൂരു പരിസ്ഥിതി പ്രവർത്തക ദിഷ രവി. സ്വകാര്യ ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. തന്റെ വാട്സ്ആപ് ചാറ്റുകളുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ സ്വകാര്യ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും ഹരജിയിൽ പറയുന്നു.
സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ട ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിഷ ഹരജിയിൽ ആവശ്യപ്പെട്ടു. സ്വകാര്യത അവകാശം ലംഘിച്ചതിന്റെ േപരിൽ നടപടി എടുക്കണമെന്നാണ് ആവശ്യം. എന്നാൽ ആരോപണം സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത നിഷേധിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് വിവരങ്ങൾ ചോർന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നതാണ് ടൂൾ കിറ്റ് എന്നായിരുന്നു പൊലീസിന്റെ ആരോപണം. സ്വീഡിഷ് കാലാവസ്ഥ പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ടാണ് അേന്വഷണം. കേസിൽ അറസ്റ്റിലായ ആദ്യ വ്യക്തിയാണ് ദിഷ.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് െചയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെൻറ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിെൻറ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽനിന്നാണ് കഴിഞ്ഞയാഴ്ച ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിമാനത്തിൽ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഗ്രെറ്റ ട്വീറ്റ് െചയ്ത ടൂൾ കിറ്റിന് പിന്നിൽ ഇന്ത്യക്കെതിരായ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് വാദം.
ദിഷ രവി ബംഗളൂരു മൗണ്ട് കാർമൽ വനിത കോളജിൽനിന്ന് ബിരുദം നേടിയ ശേഷം സസ്യങ്ങളിൽനിന്ന് ഭക്ഷണം ഉൽപാദിപ്പിക്കുന്ന കമ്പനിയിലെ മാനേജറാണ്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിദ്വേഷ പ്രചാരണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ദിഷ രവിയെ ഡൽഹി പട്യാല കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ടൂൾ കിറ്റ് ഉണ്ടാക്കിയത് താനല്ലെന്നും രണ്ടു വരി മാത്രമാണ് എഡിറ്റ് ചെയ്തതെന്നും കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ദിഷ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.