കൊളീജിയം ചർച്ചകൾ പൊതു മധ്യത്തിൽ പങ്കുവെക്കേണ്ട; അവസാന തീരുമാനം അറിയിച്ചാൽ മതിയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2018 ഡിസംബർ 12ന് നടന്ന സുപ്രീംകോടതി കൊളീജിയം യോഗത്തിന്റെ വിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ കോടതി തള്ളി. യോഗത്തിലെ ചർച്ചകൾ പൊതുജനങ്ങൾക്ക് മുമ്പാകെ പങ്കുവെക്കേണ്ടതില്ലെന്നും അവസാന തീരുമാനം മാത്രം പങ്കുവെച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ചർച്ചയുടെ അവസാന പ്രമേയമാണ് യോഗത്തിന്റെ തീരുമാനമായി പരിഗണിക്കുക. മറ്റ് എന്ത് ചർച്ചകൾ വന്നാലും പൊതുജന മധ്യത്തിലേക്ക് അവ കൊണ്ടുവരേണ്ടതില്ല. അത് വിവരാവകാശ നിയമത്തിലുണ്ടെന്നും കോടതി വ്യക്തമാക്കി.
വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് ആണ് ഹരജി നൽകിയത്. 2018ലെ കൊളീജിയം യോഗത്തിൽ രണ്ട് ഹൈകോടതി ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചിരുന്നെന്ന് യോഗത്തിൽ പങ്കെടുത്തിരുന്ന ജസ്റ്റിസ് മദൻ ലോകുർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തന്റെ വിരമിക്കലിനു ശേഷം യോഗ തീരുമാനം മാറ്റുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ പ്രകാരം അഞ്ജലി അപേക്ഷ നൽകിയത്.
2019 ജനുവരി 10ന് വീണ്ടും പ്രമേയം പാസാക്കിയതിനാൽ 2018 ഡിസംബർ 12ലെ തീരുമാനം അന്തിമമല്ലെന്ന് വ്യക്തമാണെന്നാണ് അപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. മുൻ കൊളീജിയം അംഗത്തിന്റെ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ താത്പര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.