സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറി; കേന്ദ്ര മന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ച് നേതാക്കൾ
text_fieldsഭോപാൽ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബി.ജെ.പിയിൽ പൊട്ടിത്തെറി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ വളഞ്ഞിട്ട് ആക്രമിച്ചായിരുന്നു പ്രാദേശിക നേതാക്കൾ സീറ്റ് ലഭിക്കാത്തതിന്‍റെ അമർഷം തീർത്തത്. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെയും പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു.
മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ഇന്നലെ 92 സ്ഥാനാർത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനങ്ങൾ ശക്തമാകുന്നത്. കേന്ദ്രമന്ത്രിയെ നേതാക്കൾ ആക്രമിക്കുന്നതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള യാദവിനെ നേതാക്കൾ ആക്രമിക്കുന്നതും അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥനെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നേരത്തെയും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.ഡി ശർമക്ക് നേരെയും പ്രതിഷേധം ഉയർന്നിരുന്നു.
ഇതുവരെ 228 സ്ഥാനാർത്ഥികളുടെ പേരുകളാണ് പാർട്ടി പുറത്തുവിട്ടത്. അഭിലാഷ് പാണ്ഡെക്ക് സീറ്റ് നൽകിയതായിരുന്നു ജബൽപൂരിൽ ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിച്ചത്. എം.എൽ.എയായ മുന്നലാൽ ഗോയലിന് സീറ്റ് നിഷേധിച്ചതായിരുന്നു ഭാരാധരിയിലെ പ്രതിഷേധത്തിന് കാരണം.
സീറ്റുമായി ബന്ധപ്പെട്ട തർക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ മോശമായി ബാധിക്കുമെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ അനൂപ് മിശ്ര പറഞ്ഞു.
സീറ്റ് വിഭജനത്തെ ചൊല്ലി മധ്യപ്രദേശിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലും തർക്കം നടക്കുകയാണ്. ജാതി സെൻസസിന്‍റെ വിവരങ്ങള്‍ പുറത്ത് വിടാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിന്നോക്ക പിന്തുണ ഇപ്പോഴില്ലെന്ന് കണ്ടാണ് ജാതി സെൻസസിനായി കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാവ് വിളിച്ചിരുന്നുവെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അഖിലേഷ് യാദവിനെ പ്രതികരണം.
നവംബർ 17നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.