കാസർകോട് അതിർത്തിയിലെ സ്ഥലപേരുകൾ മാറ്റുന്നതിലെ തർക്കം; കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് ബി.എസ്. യെദിയൂരപ്പ
text_fieldsബംഗളൂരു: കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള സ്ഥലപേരുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. കർണാടകയോടു ചേർന്നുള്ള കാസർകോട് മഞ്ചേശ്വരത്തെ വിവിധ പ്രദേശങ്ങളുടെ തുളു-കന്നട ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനെതിരെ കഴിഞ്ഞ ദിവസം കർണാടക അതിർത്തി മേഖല വികസന അതോറിറ്റി രംഗത്തെത്തിയിരുന്നു.
ഗ്രാമങ്ങളുടെ കന്നടയിലുള്ള പേരുകൾ മലയാളത്തിലേക്ക് മാറ്റാനുള്ള േകരള സർക്കാരിെൻറ തീരുമാനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക അതിർത്തി മേഖല വികസന അതോറിറ്റി ചെയർപേഴ്സൺ സി. സോമശേഖര യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന്വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേരള മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും യെദിയൂരപ്പയുടെ ഒാഫീസ് അറിയിച്ചു. സാംസ്കാരികവും ചരിത്രപരവുമായ പ്രധാന്യമുള്ള കന്നട പേരുകൾ മാറ്റുന്നത് ശരിയല്ലെന്നും കാസർകോട്ടെ മഞ്ചേശ്വര മേഖലയിൽ കന്നടിഗരും മലയാളികളും ഐക്യത്തോടെയാണ് കഴിയുന്നതെന്നും ഇക്കാര്യങ്ങൾ വിശദമായി പിണറായി വിജയന് കത്തയക്കുമെന്നും യെദിയൂരപ്പ അറിയിച്ചു.
കേരള സർക്കാരിെൻറ അറിവില്ലാതെ പ്രാദേശി ഭരണകൂടമായിരിക്കും പേരുമാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ടാകുകയെന്നാണ് വികസന അതോറിറ്റിയുടെ ആരോപണം. കാസർകോട്-കർണാടക അതിർത്തി മേഖലയിലെ പത്തോളം ഗ്രാമങ്ങളുടെ പേരുകളാണ് അർഥം നിലനിർത്തിെകാണ്ട് മലയാളത്തിലേക്ക് മാറ്റുന്നതെന്നാണ് പരാതി. വിഷയത്തിൽ യെദിയൂരപ്പ ഇടപെടണമെന്നാവശ്യപ്പെട്ട് മൈസൂരു -കുടക് എം.പി പ്രതാപ് സിംഹയാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് വിഷയത്തിൽ കർണാടക അതിർത്തി മേഖല വികസന അതോറിറ്റി ഇടപെട്ട് കർണാടക സർക്കാരിെൻറ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ള നേതാക്കളും പേരുമാറ്റുന്നതിനെതിരെ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.