'സൗജന്യങ്ങൾ' വിലക്കണോ; തർക്കം മൂന്നംഗ ബെഞ്ചിന്
text_fieldsന്യൂഡൽഹി: 'സൗജന്യങ്ങൾ' വിലക്കുന്ന കാര്യത്തിൽ ബി.ജെ.പി -പ്രതിപക്ഷ തർക്കം വിശദ പരിശോധനക്ക് മൂന്നംഗ ബെഞ്ചിനുവിട്ട്, ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചു. ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജി നാലാഴ്ച കഴിഞ്ഞ് പുതിയ ബെഞ്ച് പരിഗണിക്കുമെന്നും ജസ്റ്റിസുമാരായ ഹിമ കൊഹ്‍ലി, സി.ടി. രവികുമാർ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് വിധിച്ചു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ലക്ഷ്യമിട്ട് 'സൗജന്യങ്ങൾ' നിരോധിക്കാൻ ബി.ജെ.പി നേതാവ് സുപ്രീംകോടതിയിലെത്തിയതാണ് കേസിന്റെ തുടക്കം. കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും പിന്തുണച്ച ഹരജിക്കെതിരെ പ്രതിപക്ഷ പാർട്ടികളായ ആം ആദ്മി പാർട്ടി, ഡി.എം.കെ, വൈ.എസ്.ആർ കോൺഗ്രസ്, കോൺഗ്രസ് എന്നിവ രംഗത്തുവന്നു.
ക്ഷേമപദ്ധതികൾ 'സൗജന്യങ്ങൾ' ആയി കാണരുതെന്ന് ഈ പാർട്ടികൾ വാദിച്ചു. വിവിധ കക്ഷികൾ ഉന്നയിച്ച വിഷയങ്ങൾ വിശദമായി കേൾക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സൗജന്യങ്ങളുടെ കാര്യത്തിൽ കോടതിയുടെ ഇടപെടലിന് എന്താണ് സാധുത? കോടതി വിദഗ്ധ സമിതിയെ വെച്ചതുകൊണ്ട് കാര്യമുണ്ടോ? അവയുടെ അധികാര പരിധി എന്തായിരിക്കണം? എന്നീ കാര്യങ്ങൾ പ്രാഥമികമായി തീരുമാനിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് അഴിമതിയല്ല എന്ന 2013ലെ സുബ്രഹ്മണ്യം ബാലാജി കേസിലെ വിധിയാണ് പലരും പരിശോധിക്കാനുള്ള തടസ്സമായി ചൂണ്ടിക്കാണിച്ചത്. ആ വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്ര സർക്കാറിന്റെയും ബി.ജെ.പി നേതാവിന്റെയും ആവശ്യം വിധിപ്രസ്താവത്തിൽ എടുത്തുപറഞ്ഞു. സുപ്രീംകോടതി വിധിയും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ വിഷയം സങ്കീർണമാണ്.
അതിനാൽ വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വിടുകയാണെന്നും നാലാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.രണ്ടുതരത്തിലുള്ള സൗജന്യങ്ങളാണ് ചോദ്യം ചെയ്യപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. ഒന്ന് വോട്ടർമാരെ സ്വാധീനിക്കാൻ തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിക്കുന്ന സൗജന്യങ്ങളാണ്.
രണ്ടാമത്തേത് വോട്ടു പിടിക്കാൻ അധികാരത്തിലിരിക്കുന്ന സർക്കാർ നൽകുന്ന സൗജന്യങ്ങളാണ്. ജനപ്രിയതയും തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സാധ്യതയും കൂട്ടാനാണ് സൗജന്യങ്ങൾ. സൗജന്യങ്ങൾ സർക്കാറിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ഫണ്ട് ഇല്ലാതാക്കുമെന്നും ഭരണകൂടം പാപ്പരാകുമെന്നും ബെഞ്ച് ഓർമിപ്പിച്ചു.
എല്ലാ ക്ഷേമ പദ്ധതികളും സൗജന്യങ്ങളായി കാണാനാവില്ലെന്ന വാദം ഒരുവിഭാഗം ഉയർത്തി. വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ച തങ്ങൾ, സമിതി അംഗങ്ങളെ നിർദേശിക്കാൻ കക്ഷികളോട് ആവശ്യപ്പെട്ടതും കേന്ദ്ര സർക്കാറിനോട് സർവകക്ഷി യോഗം വിളിച്ചുചേർക്കാൻ ആവശ്യപ്പെട്ടതും വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.