പാര്‍ലമെന്റ് അംഗങ്ങളെ അയോഗ്യരാക്കുന്നത് കടുത്ത നടപടി -സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: ക്രിമിനൽ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗങ്ങളെ യാന്ത്രികമായി അയോഗ്യരാക്കുന്നത് കടുത്ത നടപടിയാണെന്ന് സുപ്രീം കോടതി. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ റദ്ദാക്കിയ ഹൈകോടതി വിധി ചോദ്യംചെയ്ത് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച ഹരജിയും അയോഗ്യത റദ്ദാക്കാത്തത് ചോദ്യംചെയ്ത് മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹരജിയും പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
നിയമനിര്‍മാതാക്കളെ ശിക്ഷിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച കാര്യം ഫൈസലിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതോടെ ഫൈസൽ നൽകിയ ഹരജി കോടതി തീര്‍പ്പാക്കി.
തുടർന്ന് ദ്വീപ് ഭരണകൂടത്തിന്റെ ഹരജി കോടതി പരിഗണിക്കവേ, ജനപ്രാതിനിധ്യ നിയമത്തിന്റെ 8 (3) വകുപ്പ് പ്രകാരം രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷ ലഭിച്ചാല്‍ അയോഗ്യത നിലവില്‍വരുമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോൾ, ഈ വകുപ്പ് കഠിനമാണെന്നും അതുകൊണ്ടാണ് സൂക്ഷിച്ചുവേണം ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് തങ്ങള്‍ പറയുന്നതെന്നും കോടതി മറുപടി നല്കി.
മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് നിരീക്ഷിച്ച സുപ്രീകോടതി, പരാതിക്കാരന് 16 പരിക്കുകളുണ്ടെന്നും സമയത്ത് ചികിത്സ നല്കിയില്ലായിരുന്നെങ്കില് മരണം സംഭവിക്കാമായിരുന്നുവെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും ചൂണ്ടിക്കാട്ടി. അപൂര്‍വ സാഹചര്യങ്ങളിലേ വിധി സ്റ്റേ ചെയ്യാനാകൂവെന്നും കോടതി നിരീക്ഷിച്ചു. കേസ് ഏപ്രില്‍ 24ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.