ശിവസേന എം.എൽ.എമാരെ അയോഗ്യരാക്കൽ: പരാതി ഡിസംബർ 31നകം തീർപ്പാക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശിവസേന പിളർപ്പിനെ തുടർന്ന് എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള പരാതിയിൽ മഹാരാഷ്ട്ര സ്പീക്കർ ഡിസംബർ 31നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. എൻ.സി.പി പിളർത്തിയ അജിത് പവാർ പക്ഷത്തെ എം.എൽ.എമാരെ അയോഗ്യരാക്കാനുള്ള പരാതി അടുത്ത വർഷം ജനുവരി 31നകം തീർപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഫെബ്രുവരി 29 വരെ സമയം വേണമെന്ന മഹാരാഷ്ട്ര സ്പീക്കറുടെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ചീഫ് വിപ് സുനിൽ പ്രഭുവും എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവ് ജയന്ത് പാട്ടീലും നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഏക്നാഥ് ഷിൻഡെ വിഭാഗത്തിലും അജിത് പവാർ വിഭാഗത്തിലുംപെട്ട എം.എൽ.എമാരെ അയോഗ്യരാക്കാൻ നൽകിയ പരാതിയിൽ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ നടപടി എടുക്കാത്തതിനെ തുടർന്നാണ് ഇരുപാർട്ടികളും വെവ്വേറെ സുപ്രീംകോടതിയെ സമീപിച്ചത്.
എൻ.സി.പി കേസ് ശിവസേന കേസിനൊപ്പം കേൾക്കരുതെന്ന സോളിസിറ്റർ ജനറലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദീപാവലിയും മറ്റു അവധികളും പരിഗണിച്ച് ജനുവരി 31 വരെ എങ്കിലും സമയം നീട്ടണമെന്ന എസ്.ജിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. 2022 മുതൽ നടപടി എടുക്കാതെ സ്പീക്കർ നീട്ടിക്കൊണ്ടുപോകുകയാണ് എന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനാൽ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ വിശുദ്ധി നിലനിർത്താൻ സ്പീക്കർ ഈ പരാതികൾ ഇനി സുപ്രീംകോടതി നിശ്ചയിച്ച സമയത്തിനകം തീർപ്പാക്കിയേ മതിയാകൂ എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ നടപടി നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.