ലക്ഷദ്വീപ് എം.പിയെ തിരക്കിട്ട് അയോഗ്യനാക്കിയതിൽ വിമർശനം
text_fieldsന്യൂഡൽഹി: വധശ്രമ കേസിൽ കോടതി ശിക്ഷിച്ചതിനു തൊട്ടുപിന്നാലെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം. ശിക്ഷാവിധി മേൽക്കോടതിയിൽ ചോദ്യം ചെയ്യാനുള്ള സാധ്യത കണക്കിലെടുക്കാതെ എം.പി സ്ഥാനത്തിന് ഉടനടി അയോഗ്യത കൽപിച്ചത് വിമർശനത്തിന് ഇടയാക്കി.
കവരത്തി സെഷൻസ് കോടതി 10 വർഷത്തെ തടവു വിധിച്ച ജനുവരി 11 മുതൽ ലോക്സഭാംഗത്വം നഷ്ടപ്പെട്ടതായി വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഭരണഘടനയുടെ 102 (എൽ) (ഇ) അനുഛേദം, ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ പ്രകാരമാണ് നടപടി. എൻ.സി.പി നേതാവു കൂടിയാണ് പി.പി. മുഹമ്മദ് ഫൈസൽ.
രണ്ടു വർഷത്തിൽ കുറയാത്ത ജയിൽവാസത്തിന് ശിക്ഷിക്കപ്പെട്ടാൽ എം.പി-എം.എൽ.എ പദവിയിൽനിന്ന് ഉടനടി അയോഗ്യരാകുമെന്നാണ് 2013ലെ സുപ്രീംകോടതി വിധി. ശിക്ഷ സ്റ്റേ ചെയ്താൽ അയോഗ്യത കൽപിച്ച നടപടി ഉടനടി അസാധുവാകുമെന്ന് സുപ്രീംകോടതി 2020ൽ വ്യക്തമാക്കിയിട്ടുണ്ട്.
കോടതിവിധി മേൽക്കോടതി സ്റ്റേ ചെയ്യാനുള്ള സാധ്യത പരിഗണിക്കാതെ പ്രതിപക്ഷ എം.പിക്ക് ഉടനടി അയോഗ്യത കൽപിച്ചത് രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചാണെന്നാണ് വിമർശനം. കാലിത്തീറ്റ അഴിമതി കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ സി.ബി.ഐ കോടതി ശിക്ഷിച്ച 2013ൽ ആഴ്ചകൾക്കു ശേഷമാണ് അയോഗ്യത നടപടി ഉണ്ടായത്. സെപ്റ്റംബർ 30ന് ലാലുവിനെ ശിക്ഷിച്ചു. എം.പി സ്ഥാനത്തിന് അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയത് ഒക്ടോബർ 21ന്. മുഹമ്മദ് ഫൈസലിന്റെ കാര്യത്തിൽ വിധി ജനുവരി 11ന്; അയോഗ്യത വിജ്ഞാപനം രണ്ടാം ദിവസം.
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി.എം. സഈദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന 2009ലെ കേസിലാണ് മുഹമ്മദ് ഫൈസൽ അടക്കം നാലു പേർക്ക് 10 വർഷത്തെ കഠിനതടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.