മോദിയുമായി വേദി പങ്കിടാൻ പവാർ; ആശയക്കുഴപ്പത്തിൽ ‘ഇൻഡ്യ’
text_fieldsമുംബൈ: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ ശക്തിപ്രാപിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാനൊരുങ്ങി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ.
‘ജനങ്ങളിൽ ദേശീയബോധമുണ്ടാക്കുന്നതിൽ വിജയിച്ച’ പ്രധാനമന്ത്രിക്ക് പുണെയിലെ ലോക്മാന്യ തിലക് സ്മാരക് മന്ദിർ പുരസ്കാരം നൽകുന്ന ചടങ്ങിലാണ് ഇരുവരും വേദി പങ്കിടുന്നത്. ഇത് ഇൻഡ്യ അംഗങ്ങളിൽ ചർച്ചയായിട്ടുണ്ട്. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം പ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്ന ഘട്ടംകൂടിയാണിത്.
ഡൽഹിയുടെ പരമാധികാരവുമായി ബന്ധപ്പെട്ട ബില്ലുകളടക്കം രാജ്യസഭയിൽ എത്തുന്ന ചെവ്വാഴ്ചയാണ് പുണെയിലെ അവാർഡുദാന ചടങ്ങ്. പവാറിനെ പിന്തിരിപ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
അജിത് പവാർ എൻ.സി.പി പിളർത്തി മഹാരാഷ്ട്രയിലെ ഷിൻഡെ പക്ഷ ശിവസേന-ബി.ജെ.പി സർക്കാറിന്റെ ഭാഗമായതും പവാർ-മോദി വേദി പങ്കിടലും ചേർത്തുവായിക്കുന്നവരുമുണ്ട്. പവാറിനെ അനുനയിപ്പിച്ച് കൂടെക്കൂട്ടാൻ അജിത് പവാർ ശ്രമിക്കുന്നുവെന്ന് അഭ്യൂഹമുണ്ട്. അതിലുപരി പവാറിന്റെ വിശ്വസ്തരായ ഛഗൻ ഭുജ്ബലും ദിലീപ് വൽസെ പാട്ടീലും അജിതിനൊപ്പം പോയത് പവാറിന്റെ അറിവോടെയാണെന്ന സംശയവും ബലപ്പെടുന്നു. ഇതിനർഥം ഒന്നുകിൽ പവാറും പതിയെ ബി.ജെ.പി സഖ്യത്തിലേക്ക് പോകും. അതല്ലെങ്കിൽ, 2019ലേതുപോലെ പവാർ മറ്റെന്തോ മനസ്സിൽ കാണുന്നു. ഇതിനിടയിൽ അജിത് അടക്കം വിമതർ മൂന്നു തവണ പവാറിനെ കണ്ടതും നിയമസഭക്കു പുറത്ത് ഇരുപക്ഷ നേതാക്കളും സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. അതേസമയം, സെപ്റ്റംബറിൽ മുംബൈയിൽ നടക്കുന്ന ഇൻഡ്യയുടെ മൂന്നാം യോഗത്തിന് പവാറാണ് ചുക്കാൻ പിടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ്, ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുമായി പവാർ ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.