എസ്. ജയ്ശങ്കറെ പുകഴ്ത്തിയും സുഷമ സ്വരാജിനെ ഇകഴ്ത്തിയും മൈക് പോംപിയോ; അപലപിച്ച് കേന്ദ്രമന്ത്രി
text_fieldsനിലവിലെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറെ പുകഴ്ത്തിയും മുൻ മന്ത്രി സുഷമ സ്വരാജിനെ ഇകഴ്ത്തിയും യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. തന്റെ പുതിയ പുസ്തകമായ ‘നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിങ് ഫോർ ദി അമേരിക്ക ഐ ലവ്’ എന്ന തന്റെ പുസ്തകത്തിലാണ് സുഷമയെ ഇകഴ്ത്തിയും നിലവിലെ മന്ത്രിയെ പുകഴ്ത്തിയും പോംപിയോ ഒരു ഭാഗം രചിച്ചിരിക്കുന്നത്. മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെ തരംതാണ പ്രയോഗമാണ് പുസ്തകത്തിൽ ഉള്ളതെന്ന് എസ്. ജയ്ശങ്കർ ആരോപിച്ചു.
വിദേശകാര്യ ചർച്ചകളിൽ സുഷമ ‘പ്രധാന വ്യക്തി’ ആയിരുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവും വിശ്വസ്തനുമായ അജിത് ഡോവൽ ആയിരുന്നു യഥാർഥ പങ്കാളിയെന്നും പോംപിയോ പറയുന്നു. രാഷ്ട്രീയ പക്ഷപാതമുള്ള സുഷമയുമായി നല്ല ബന്ധമായിരുന്നില്ല.
ഡോവൽ കഴിഞ്ഞാൽ അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന എസ്.ജയ്ശങ്കറുമായാണ് മികച്ച ബന്ധം ഉണ്ടായിരുന്നത്. അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണ്. ഇംഗ്ലിഷ് അടക്കം ഏഴ് ഭാഷകൾ സംസാരിക്കുന്ന ജയ്ശങ്കർ 2019ൽ വിദേശകാര്യമന്ത്രിയായി. പലതരത്തിലും എന്നേക്കാൾ മിടുക്കനാണ് അദ്ദേഹം– പോംപിയോ പറയുന്നു. എന്നാൽ സുഷമ സ്വരാജിനോട് തനിക്ക് ആദരവും ഊഷ്മള ബന്ധവുമാണ് ഉണ്ടായിരുന്നതെന്നും അവർക്കെതിരെ നടത്തിയ പ്രയോഗത്തെ അപലപിക്കുന്നതായും ജയശങ്കർ പറഞ്ഞു. നരേന്ദ്രമോദി സർക്കാരിൽ 2014 മുതൽ 2019 വരെ വിദേശകാര്യമന്ത്രി ആയിരുന്ന സുഷമ സ്വരാജ് 2019 ഓഗസ്റ്റിലാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.