നേതാക്കളിൽ അതൃപ്തി; സിദ്ധരാമയ്യക്കെതിരെ പരസ്യവിമർശനം
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിൽ മന്ത്രിസഭ വികസനത്തിൽ നേതാക്കളിൽ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയിൽനിന്ന് പുറത്താണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികൾക്ക് മന്ത്രി പട്ടികയിൽ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയർന്നത്.
നിയമനിർമാണ കൗൺസിൽ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്പതു തവണ എം.എൽ.എയായ ആർ.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തുനിർത്തി കഴിഞ്ഞ 2016ൽ ജെ.ഡി-എസിൽനിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീർ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി, 2021 ജൂലൈയിൽ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയ മധു ബംഗാരപ്പ തുടങ്ങിയവരെ പരിഗണിച്ചതിനെതിരെ വിമർശനമുയർന്നു. സിദ്ധരാമയ്യക്കെതിരെ പരസ്യ പ്രതികരണവുമായി ബി.കെ. ഹരിപ്രസാദ് രംഗത്തുവന്നു.
തന്റെ മന്ത്രി സ്ഥാനം കളഞ്ഞതിന് പിന്നിൽ സിദ്ധരാമയ്യയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യൻ ഡി.കെ. ശിവകുമാറാണെന്നും അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടായുള്ള രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഒരിക്കൽപോലും മന്ത്രിയായിട്ടില്ലാത്ത ഹരിപ്രസാദിനായി ഹൈകമാൻഡുമായി ഡി.കെ. ശിവകുമാർ വാദിച്ചെങ്കിലും സിദ്ധരാമയ്യ എതിർത്തതായാണ് വിവരം. മുതിർന്ന നേതാവ് സി. പുട്ടരംഗ ഷെട്ടി ഡെപ്യൂട്ടി സ്പീക്കർ പദവി നിരസിച്ചു. പുട്ടരാമഷെട്ടിയെ മന്ത്രിയാക്കാത്തതിൽ ഉപ്പാര സമുദായക്കാർ ചാമരാജ് നഗറിൽ പ്രതിഷേധം സംഘടിപ്പിച്ചു. തൻവീർ സേട്ട്, അജയ് സിങ്, ബസവരാജ് രായറെഡ്ഡി തുടങ്ങിയവരും അതൃപ്തിയിലാണ്.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുതിർന്ന ലിംഗായത്ത് നേതാക്കളായ ജഗദീഷ് ഷെട്ടർ, ലക്ഷ്മൺ സവാദി എന്നിവരെയും ജെ.ഡി-എസ് വിട്ടെത്തിയ മുതിർന്ന വൊക്കലിഗ നേതാവ് കെ.എം. ശിവലിംഗ ഗൗഡയെയും ഉൾപ്പെടുത്തിയില്ല. ലക്ഷ്മൺ സവാദിയുടെ അനുയായികൾ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എസ്.സി വിഭാഗമായ ബൻജാര പ്രതിനിധി രുദ്രപ്പ ലാമണിയെ മന്ത്രിയാക്കാത്തതിനെതിരെ ബൻജാര സമുദായം പ്രതിഷേധത്തിലാണ്.
വിജയാനന്ദ് കാശപ്പനാവറിന് മന്ത്രി പദവി നൽകാത്തതിനെതിരെ ലിംഗായത്തുകളിെല പഞ്ചമശാലി വിഭാഗം രംഗത്തുവന്നിട്ടുണ്ട്. ബാഗൽകോട്ടിൽ ഇവർ ധർണ നടത്തി. ഒരുവശത്ത് മന്ത്രിപദവി സംബന്ധിച്ച തർക്കവും മറുവശത്ത് മന്ത്രിമാരുടെ വകുപ്പു സംബന്ധിച്ച തർക്കവും തുടർന്നതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായിരുന്നു. ഹൈകമാൻഡ് അംഗീകരിച്ച വകുപ്പു പട്ടികയിൽ ഗതാഗത വകുപ്പ് തനിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രി രാമലിംഗ റെഡ്ഡി.
ഞായറാഴ്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും രാമലിംഗറെഡ്ഡിയുടെ വീട്ടിലെത്തി ചർച്ച നടത്തി തർക്കം പരിഹരിച്ചു. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.