ഗ്യാൻവാപി പള്ളി: ശാസ്ത്രീയ സർവേ തടയണമെന്ന ഹരജി ജില്ല കോടതി തള്ളി
text_fieldsവാരാണസി: ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന ശാസ്ത്രീയ സർവേ നിർത്തണമെന്നാവശ്യപ്പെട്ട് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി സമർപ്പിച്ച ഹരജി വാരാണസി ജില്ല കോടതി തള്ളി.
സർവേ നടത്താൻ അലഹബാദ് ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും അനുമതി ലഭിച്ചിട്ടുണ്ടെന്നും ജില്ല കോടതിക്ക് തടയാനാവില്ലെന്നും ജഡ്ജി എ.കെ. വിശ്വേഷ് ഉത്തരവിൽ വ്യക്തമാക്കി. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള, 17ാം നൂറ്റാണ്ടിൽ നിർമിച്ച ഗ്യാൻവാപി പള്ളി ക്ഷേത്രത്തിനു മുകളിലാണോ നിർമിച്ചതെന്നു കണ്ടെത്താനാണ് എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തുന്നത്. സർവേ നിയമവിരുദ്ധമാണെന്നും ഇതിനായി തങ്ങൾക്ക് നോട്ടീസ് നൽകുകയോ ഫീസ് അടക്കുകയോ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് കമ്മിറ്റി ജില്ല കോടതിയെ സമീപിച്ചത്. സർക്കാറിന്റെ ജോലി ചെയ്യുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്വകാര്യ സ്ഥാപനമല്ലെന്നും സർവേയുടെ ചെലവിനായി ആരെങ്കിലും പണം നൽകണമെന്ന് നിർബന്ധിക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. വാരാണസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈകോടതി ശരിവെച്ചതിനെ തുടർന്നാണ് സർവേ തുടങ്ങിയത്.
നീതിയുടെ താൽപര്യത്തിനും ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്ക് ഗുണകരമാകുമെന്നും വിലയിരുത്തിയാണ് സർവേ നടത്താനുള്ള ജില്ല കോടതിയുടെ ഉത്തരവ് ഹൈകോടതി ശരിവെച്ചത്. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതിയും വിസമ്മതിച്ചിരുന്നു. പള്ളിയിൽ നമസ്കാരത്തിന് എത്തുന്നവർ അംഗശുദ്ധി വരുത്തുന്ന സീൽ ചെയ്ത ‘വുദുഖാന’യിലും സർവേ നടത്തണമെന്ന ഹിന്ദു വിഭാഗത്തിന്റെ ഹരജിയിൽ ഒക്ടോബർ അഞ്ചിന് ജില്ല കോടതി വാദം കേൾക്കും.
അതേസമയം, ഗ്യാന്വാപി മസ്ജിദിന്റെ നിലവറയുടെ താക്കോൽ വാരാണസി ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹരജി ശനിയാഴ്ച പരിഗണിക്കും. 1993ലാണ് അധികൃതർ നിലവറ പൂട്ടിയത്. ഇതിന്റെ താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്നാണ് ഹരജിക്കാരനായ മദൻ മോഹൻ യാദവിന്റെ ആവശ്യം. വാദം തയാറാക്കാൻ കൂടുതൽ സമയം വേണമെന്ന കാശി വിശ്വനാഥ് ട്രസ്റ്റിന്റെ ആവശ്യം അംഗീകരിച്ച് ജില്ല ജഡ്ജി എ.കെ. വിശ്വേഷ് കേസ് കൂടുതൽ വാദം കേൾക്കുന്നതിന് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.