പിരിഞ്ഞ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കാണണം, ചായ കൊടുക്കണം -മദ്രാസ് ഹൈക്കോടതി
text_fieldsവിവാഹമോചനം നേടിയ പങ്കാളി കുട്ടികളെ സന്ദർശിക്കാൻ എത്തിയാൽ അയാളെ അതിഥിയായി പരിഗണിക്കണമെന്നും കുട്ടികളുടെ മുന്നിൽവെച്ച് ഇരുവരും വഴക്കുകൂടിയാൽ അത് ശിശുപീഡനം ആയി കണക്കാക്കുമെന്നും മദ്രാസ് ഹൈക്കോടതി. ചെന്നൈ സ്വദേശികളായ വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കളോടാണ് കോടതിയുടെ സുപ്രധാന നിർദേശങ്ങൾ. കുട്ടിയെ കാണാനെത്തുമ്പോൾ മുൻ പങ്കാളിക്ക് ചായയും പലഹാരവും നൽകണമെന്നും കോടതി നിർദേശിച്ചു.
ബന്ധം വേര്‍പെടുത്തിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ അതിഥിയായി കണക്കാക്കി നന്നായി പെരുമാറണമെന്നാണ് മദ്രാസ് ഹൈക്കോടതി നിർദേശിച്ചത്. മക്കളുടെ മുന്നില്‍ അച്ഛനും അമ്മയും തമ്മില്‍ മോശമായി പെരുമാറുന്നത് കുട്ടികളോടുള്ള ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് കൃഷ്ണന്‍ രാമസ്വാമി വ്യക്തമാക്കി.
വിവാഹമോചനം നേടിയ ഭര്‍ത്താവ് മകളെ കാണാനനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ചെന്നൈയിലെ ഫ്ലാറ്റില്‍ അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം സന്ദര്‍ശിക്കാന്‍ അതേ ഫ്ലാറ്റിൽ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നല്‍കിയിരുന്നു. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിര്‍ദേശിച്ചു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
വിവാഹമോചനം നേടിയ പങ്കാളി മക്കളെ കാണാനെത്തുമ്പോള്‍ പലപ്പോഴും നല്ല പെരുമാറ്റം ലഭിക്കാറില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷം എന്ന വികാരം കുട്ടികളുടെ മനസ്സിലേക്ക് സ്വാഭാവികമായി കടന്നുചെല്ലുന്ന ഒന്നല്ല. കുട്ടികളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണത്. മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹപൂര്‍ണമായ ബന്ധം ഓരോ കുട്ടിയുടെയും അവകാശമാണ്. മാതാപിതാക്കളില്‍ ഒരാളെക്കുറിച്ച് മറ്റേയാള്‍ മക്കളുടെ മനസ്സില്‍ വിദ്വേഷം ജനിപ്പിക്കുന്നത് ശിശുപീഡനമാണ്. ബന്ധം വേര്‍പെടുത്തിയയാളോട് സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാനാകണം. അതിഥി ദേവോ ഭവ എന്ന സങ്കല്പമനുസരിച്ച് അയാളോട് നന്നായി പെരുമാറണം -കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.