ദീപാവലി ആഘോഷം; ഹൈദരാബാദിലും ബംഗളൂരുവിലും കണ്ണിന് പരിക്കേറ്റത് നിരവധി പേർക്ക്
text_fieldsദീപാവലി ആഘോഷത്തിനിടെ ഹൈദരാബാദിലും ബംഗളൂരുവിലും കണ്ണിന് പരിക്കേറ്റത് നിരവധി പേർക്ക്. ഹൈദരാബാദിലുടനീളം ദീപാവലി ആഘോഷങ്ങൾക്കിടെ കണ്ണിന് പരിക്കേറ്റ് 50 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതലും കൗമാരക്കാരായിരുന്നു. ഇവരിൽ 45 പേരെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് അയച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ആശുപത്രിയിൽ തുടരുകയാണ്. ഇവരെ ശസ്ത്രക്രിയക്ക് വിധേയരാക്കുകയും ചെയ്തു. പടക്കം പൊട്ടിക്കുന്നതിനിടെയാണ് ഭൂരിഭാരം പേർക്കും പരിക്കേറ്റത്.
രാത്രി എട്ട് മണി മുതൽ 10 മണി വരെ പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈദരാബാദ് പൊലീസ് കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പലയിടത്തും തിങ്കളാഴ്ച പുലർച്ചെ വരെ പടക്കങ്ങൾ പൊട്ടിക്കുന്നത് തുടർന്നു. പടക്കം പൊട്ടിച്ചതിനെ ചൊല്ലി മുഷീറാബാദിലെ ജനവാസമേഖലയിൽ സംഘർഷമുണ്ടായി. സംഭവത്തിൽ പരിക്കേറ്റ പലരെയും ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ പടക്കം പൊട്ടിക്കുന്നതിനിടെ കുട്ടികളടക്കം 26 പേർക്കാണ് കണ്ണിന് പരിക്കേറ്റത്. 22 പേരെ നാരായണ നേത്രാലയത്തിലും നാല് പേർ മിന്റോ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ 12 പേരുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സർക്കാർ നടത്തുന്ന വിക്ടോറിയ ആശുപത്രിയിലും മിന്റോ ആശുപത്രികളിലും ഉത്സവ സീസണിൽ 24 മണിക്കൂറും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കണ്ണിന് പരിക്കേറ്റ രോഗികളെ പരിചരിക്കാൻ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളുടെ ചികിത്സക്കായി 15 കിടക്കകളുള്ള പ്രത്യേക വാർഡും സ്ത്രീകൾക്കും യുവാക്കൾക്കുമായി പത്ത് കിടക്കകളും സജ്ജീകരിച്ചിതായി ആരോഗ്യവകുപ്പ് അറിയിച്ചു. ദീപാവലി ആഘോഷിക്കുമ്പോഴും പടക്കം പൊട്ടിക്കുമ്പോഴും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.