രാജ്യം ദീപാവലി ആഘോഷ നിറവിൽ
text_fieldsകോഴിക്കോട്: രാജ്യം വെളിച്ചത്തിന്‍റെ ഉത്സവമായ ദീപാവലി ആഘോഷത്തിന്‍റെ നിറവിൽ. ലോകമെങ്ങുമുള്ള ഇന്ത്യൻ ജനത ദീപാവലി ആഘോഷിക്കുകയാണ്. വിളക്കുകൾ തെളിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ നൽകിയും ദീപാവലി ആഘോഷിക്കപ്പെടുന്നു. ഇരുളിന്റെ മേൽ വെളിച്ചതിനുള്ള പ്രാധാന്യം, അഥവാ തിന്മക്ക് മേൽ നന്മയുടെ വിജയമാണ് ദീപാവലി ഉത്സവത്തിന്റെ സന്ദേശം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ദീപാവലി പ്രധാന ആഘോഷം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ദീപാവലി ആശംസകൾ നേർന്നു. 'എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ദിവ്യമായ വെളിച്ചത്തിന്‍റെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു' നരേന്ദ്ര മോദി ദീപാവലി ആശംസയിൽ പറഞ്ഞു.
പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലിയെന്നും ഭേദചിന്തകൾക്കതീതമായ, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം ഓരോ മനുഷ്യമനസ്സിലും നിറയ്ക്കുന്നതാകട്ടെ ദീപാവലി ആഘോഷങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
ആഘോഷത്തിന്‍റെ ആഹ്ലാദത്താൽ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്‌നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം പ്രചോദനമേകട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസയിൽ പറഞ്ഞു. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രകാശമാകട്ടെ ഇത്തവണത്തെ ദീപാവലിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.