സിദ്ധരാമയ്യയോ ശിവകുമാറോ? ആരാകും കോൺഗ്രസിന്റെ മുഖ്യമന്ത്രി; എല്ലാ കണ്ണുകളും ഗാന്ധി കുടുംബത്തിലേക്ക്
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രവിജയം ഉറപ്പിച്ചതോടെ ആരാകും മുഖ്യമന്ത്രിയെന്നാണ് ചർച്ചാവിഷയം. തെരഞ്ഞെടുപ്പിൽ പാർട്ടി പ്രത്യേക മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ടുവെച്ചിരുന്നില്ല. എന്നാൽ ഡി.കെ. ശിവകുമാറും മുതിർന്ന നേതാവ് സിദ്ധരാമയ്യയും ആ സ്ഥാനത്തിന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ അവകാശവാദമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമാണ്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് ഖാർഗെ വ്യക്തമാക്കിയത്.
2013 മുതൽ 2018വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ പരിചയസമ്പത്തുണ്ട് സിദ്ധരാമയ്യക്ക്. അതിനാൽ അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ. ശിവകുമാർ കോൺഗ്രസിന്റെ കറകളഞ്ഞ വിശ്വസ്ഥനാണ്. ഗാന്ധി കുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട വ്യക്തികളിലൊരാളും.
തന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി കഴിഞ്ഞു. മുഖ്യമന്ത്രിയാകാൻ ഏറ്റവും അനുയോജ്യനാണെന്നിരിക്കിലും 2024ൽ ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാനുള്ള ഏറ്റവും കരുത്തനായ സ്ഥാനാർഥിയായി രാഹുൽ ഗാന്ധി കാണുന്നത് 76 കാരനായ സിദ്ധരാമയ്യയെ ആണ്. അതേസമയം, ലിംഗായത്ത്, വൊക്കാലിഗർ തുടങ്ങിയ വിഭാഗക്കാരെ ശത്രുതയിലാക്കിയ തന്റെ കുറുബ സമുദായത്തിലെ ഉദ്യോഗസ്ഥർക്ക് ആനുപാതികമല്ലാത്ത പ്രാധാന്യം നൽകിയെന്ന് സിദ്ധരാമയ്യക്കെതിരെ ആരോപണമുണ്ട്. ടിപ്പു സുൽത്താനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പലർക്കും രസിച്ചിട്ടുമില്ല.
ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്ക് ഉയരാനുള്ള ഏറ്റവും നല്ല അവസരമാണിത്. കനകപുര നിയോജക മണ്ഡലത്തിൽ നിന്ന് എട്ട് തവണ എം.എൽ.എയായ അദ്ദേഹത്തിന് ശക്തമായ പിൻബലമുണ്ട്. കോൺഗ്രസ് പാർട്ടി അംഗങ്ങളുടെ ഇഷ്ടക്കാരനുമാണ്. സംസ്ഥാനത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരിൽ ഒരാളായ ഡി.കെ.യെ ആണ് ഫണ്ട് സമാഹരണത്തിനും മറ്റുമായി പാർട്ടി ആശ്രയിക്കുന്നത്. ഡി.കെ.ക്കെതിരെ സി.ബി.ഐ.യും ഇ.ഡിയും ഐ.ടി വകുപ്പും ഒന്നിലധികം കേസുകൾ ചുമത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി 104 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ ഡി.കെ. ഇപ്പോൾ ജാമ്യത്തിലാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ കേന്ദ്രസർക്കാർ ഈ കേസുകൾ വഴി ജയിലിലടക്കാനുള്ള ശ്രമങ്ങളും വേഗത്തിലാക്കും. ഏതു തരത്തിലുള്ള ശിക്ഷയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് പറയാനും കഴിയില്ല. മുഖ്യമന്ത്രിയായി ഡി.കെ. വന്നാലും സിദ്ധരാമയ്യ വന്നാലും കർണാടക ജനത ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നത് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.