തെലങ്കാനയിലെ എം.എൽ.എൽമാരെ കോൺഗ്രസ് ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും; ഡി.കെ ഇന്നെത്തും
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വിജയിക്കുന്ന സ്ഥാനാർഥികളെ കോൺഗ്രസ് ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ വിജയിക്കുന്ന സ്ഥാനാർഥികളെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് സൂചന. ബി.ആർ.എസ് കുതിരക്കച്ചവടത്തിലൂടെ എം.എൽ.എമാരെ സ്വന്തമാക്കുന്നത് തടയാനാണ് നീക്കം.
തെലങ്കാനയിലെ കോൺഗ്രസ് നിരീക്ഷകനായ ഡി.കെ ശിവകുമാർ ഞായറാഴ്ച സംസ്ഥാനത്തെത്തും. വോട്ടെണ്ണൽ ദിനമായ ഞായറാഴ്ച മുഴുവൻ സമയവും തെലങ്കാനയിൽ ശിവകുമാറുണ്ടാവും. തിങ്കളാഴ്ച കർണാടകയിൽ നിയമസഭ സമ്മേളനം തുടങ്ങുകയാണ്. ബെൽഗാമിലാണ് സമ്മേളനം നടക്കുന്നത്. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ നിയമസഭ സമ്മേളനത്തിനായി ശിവകുമാർ ബെൽഗാമിലാണ് യാത്രതിരിക്കും.
അതേസമയം, തൂക്കുസഭക്കാണ് സാധ്യതയെങ്കിൽ ഡി.കെ ശിവകുമാർ തെലങ്കാനയിൽ തുടരും. തുടർന്ന് എം.എൽ.എമാരെ ബംഗളൂരുവിലേക്ക് മാറ്റുന്നതിനുളള നടപടികൾ സ്വീകരിക്കും. കോൺഗ്രസ് ഭൂരിപക്ഷം ഉറപ്പിച്ചതിന് ശേഷം മാത്രമേ എം.എൽ.എമാരെ തിരികെ തെലങ്കാനയിലേക്ക് എത്തിക്കു.
എക്സിറ്റ്പോളുകളിൽ ഭൂരിപക്ഷവും കോൺഗ്രസിന് 60 മുതൽ 70 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. 60 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ഈയൊരു സാഹചര്യത്തിൽ തെലങ്കാനയിൽ കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ കോൺഗ്രസ് തള്ളിക്കളയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.