"സ്വയമൊന്ന് കണ്ണാടി നോക്കിയാൽ നന്നായിരിക്കും"; ബി.ജെ.പിക്ക് മറുപടിയുമായി ഡി.കെ ശിവകുമാർ
text_fieldsബംഗളൂരു: ബംഗളൂരു ബോംബ് സ്ഫോടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി ശക്തമാക്കിയതോടെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബി.ജെ.പിക്കാവശ്യമുള്ള രാജികളെല്ലാം നൽകാമെന്നും പാർട്ടി സ്വയം കണ്ണാടിയിൽ നോക്കുന്നത് നല്ലതായിരിക്കുമെന്നും ശിവകുമാർ പറഞ്ഞു.
"അവർക്ക് രാജിയാണോ ആവശ്യം? ബി.ജെ.പിക്കാവശ്യമുള്ള രാജികളെല്ലാം നൽകാം. അവർ രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ്. അവരുടെ ഭരണകാലത്ത് സംസ്ഥാനത്ത് എന്തെല്ലാം സംഭവിച്ചു, ബി.ജെ.പി സ്വയം കണ്ണാടി നോക്കേണ്ടതുണ്ട്. അവർ കർണാടകയെ വേദനിപ്പുക്കയാണെങ്കിൽ അവർ ഈ രാജ്യത്തേയും അവരെത്തന്നെയുമാണ് ദ്രേഹിക്കുന്നത്", ശിവകുമാർ പറഞ്ഞു.
സംസ്ഥാനത്ത് സമീപകാലത്തായി ഉയർന്നുവന്ന പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യവും സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.
വെള്ളിയാഴ്ച വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ പത്ത് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ശനിയാഴ്ച ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കഫേയിൽ ബോംബ് വെച്ചയാളെ ഇവർ സഹായിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കഫേയിൽ ഇഡ്ഡലി ഓർഡർ ചെയ്ത ആളാണ് പ്രധാന പ്രതി. ഇയാൾ കഫേയിൽ കയറുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.