Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ക്യാപ്റ്റൻ’...

‘ക്യാപ്റ്റൻ’ അരങ്ങൊഴിഞ്ഞു; നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന് തമിഴകത്തിന്റെ വിട..

text_fields
bookmark_border
Vijayakanth
cancel

ചെന്നൈ: അഭ്രപാളികളിലെ ഹൃദയംതൊട്ട അഭിനയ രംഗങ്ങളിലൂടെ തമിഴക മനസ്സിൽ കുടിയേറിയ നടനപ്രതിഭയും പിന്നീട് രാഷ്ട്രീയക്കളരിയിലെ നേതാവുമായി മാറിയ വിജയകാന്ത് (71) ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു. ദേശീയ മൂർപോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) നേതാവും തമിഴിലെ മുൻകാല സൂപ്പർ താരവുമായ വിജയകാന്തിന്റെ അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ശ്വാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്. പനി ബാധിച്ച വിജയകാന്ത് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

‘ക്യാപ്റ്റൻ’ എന്ന് തമിഴകം സ്നേഹത്തോടെ വിളിക്കുന്ന വിജയകാന്ത് കരുത്തർ വാണരുളിയ കാലത്തും തമിഴ് സിനിമയിൽ തന്റേതായ ഇടം വെട്ടിപ്പിടിച്ചയാളാണ്. 2005ൽ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം രണ്ടുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു​. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷനേതാവുമായിരുന്നു. കോയമ്പേട്ടിലെ ഡി.എം.ഡി.കെ ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് 4.45ന് സംസ്കരിക്കും.

1952 ആഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്‍റെ ജനനം. വിജയരാജ് അളഗർ സ്വാമി എന്നാണ് യഥാർഥ പേര്. കെ.എൻ. അളഗർ സ്വാമിയും ആണ്ടാൾ അളഗർ സ്വാമിയുമാണ് മാതാപിതാക്കൾ. 1979ൽ 'ഇനിക്കും ഇളമൈ' എന്ന ആദ്യ ചിത്രത്തിൽ വില്ലനായി വിജയകാന്ത് വെള്ളിത്തിരയിൽ എത്തി. 1981ൽ 'സട്ടം ഒരു ഇരുട്ടറൈ' എന്ന ചിത്രത്തിൽ നായകനായി സാന്നിധ്യം അറിയിച്ചു. നൂറാം ചിത്രമായ 'ക്യാപ്റ്റൻ പ്രഭാകരൻ' എന്ന ചിത്രം തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ഈ സിനിമയുടെ വൻ വിജയത്തിനുപിന്നാലെയാണ് വിജയകാന്തിന് ക്യാപ്റ്റൻ എന്ന വിളിപ്പേരു വന്നത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ‌, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, ക്ഷത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐ.പി.എസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ‌.

ആക്‌ഷനും പ്രണയവുമടക്കം അഭിനയവൈവിധ്യത്തിലൂടെ ആരാധകമനസ്സിൽ കുടിയേറുകയായിരുന്നു വിജയകാന്ത്. വാണിജ്യ സിനിമയുടെ മുൻനിരയിൽ ഇടമുറപ്പിച്ച അദ്ദേഹം, അനീതിക്കെതിരെ ശബ്ദിക്കുകയും നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ വീരനായകനുമായി. പുരട്ചി കലൈഞ്ജർ എന്ന വിശേഷണവും ആരാധകർ അദ്ദേഹത്തിന് ചാർത്തിക്കൊടുത്തു. 2010 ൽ പുറത്തിറങ്ങിയ വിരുദഗിരി എന്ന ചിത്രം സംവിധാനം ചെയ്തു. അതിലാണ് അവസാനം നായകനായി അഭിനയിച്ചത്. മകൻ ഷണ്‍മുഖ പാണ്ഡ്യൻ നായകനായി 2015ൽ പുറത്തിറങ്ങിയ ശതാബ്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് അവസാനം അഭിനയിച്ചത്.

1994ൽ എം.ജി.ആർ പുരസ്കാരം, 2001ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമ, 2011ൽ ഓണററി ഡോക്ടറേറ്റ് എന്നിവ ലഭിച്ചു. 2005 സെപ്റ്റംബർ 14നാണ് ഡി.എം.ഡി.കെ എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിജയകാന്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്‍റെ അഭാവത്തിൽ ഭാര്യ പ്രേമലതയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഈയിടെ തെരഞ്ഞെടുത്തിരുന്നു. രണ്ട് മക്കളാണ് വിജയകാന്തിനുള്ളത്. ഷൺമുഖ പാണ്ഡ്യനും വിജയപ്രഭാകരനും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VijayakanthDMDKBreaking Newsactor
News Summary - D.M.D.K. Leader and actor Vijayakanth passed away
Next Story