തമിഴ്നാട്ടിൽ തൂത്തുവാരി ഡി.എം.കെ സഖ്യം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ തകർക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ച് വീണ്ടും ഇൻഡ്യ സഖ്യം. ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 39 സീറ്റും ഡി.എം.കെ സഖ്യം തൂത്തുവാരി. പുതുച്ചേരിയിൽ കോൺഗ്രസിലെ വൈദ്യലിംഗം ജയിച്ചു. രണ്ട് ദശാബ്ദങ്ങൾക്കുശേഷമാണ് 40 സീറ്റുകളിലും ഡി.എം.കെ മുന്നണി വിജയം നേടുന്നത്. 2004ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം മുഴുവൻ സീറ്റുകളും നേടിയിരുന്നു. ഏപ്രിൽ 19ന് നടന്ന പോളിങ്ങിൽ 69.72 ശതമാനം പേരാണ് വോട്ട് ചെയ്തത്.
ഡി.എം.കെ മത്സരിച്ച 22 സീറ്റിലും വിജയിച്ചു. സഖ്യകക്ഷികളായ കോൺഗ്രസ്- പത്ത്, സി.പി.എം, സി.പി.ഐ, വിടുതലൈ ശിറുതൈകൾ കക്ഷി -രണ്ടുവീതം, കൊങ്കുമക്കൾ ദേശീയ കക്ഷി, മുസ്‍ലിംലീഗ് എന്നീ കക്ഷികൾ ഓരോ സീറ്റ് വീതവും നേടി. ലോക്സഭ തെരഞ്ഞെടുപ്പിനോടൊപ്പം വിളവങ്കോട് നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി താരകൈ വിജയിച്ചു. ഇവിടെ എം.എൽ.എയായിരുന്ന വിജയധാരണി ബി.ജെ.പിയിലേക്ക് കൂറുമാറിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ലോക്സഭയിൽ ഇത്തവണ അണ്ണാ ഡി.എം.കെക്ക് പ്രാതിനിധ്യമുണ്ടാവില്ല.
അഭിമാന പേരാട്ടം നടന്ന കോയമ്പത്തൂരിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പരാജയപ്പെട്ടു. ഇവിടെ ഡി.എം.കെ സ്ഥാനാർഥി ഗണപതി പി.രാജ്കുമാറാണ് വിജയിച്ചത്.
ഡി.എം.കെ മുന്നണിയിൽ കോൺഗ്രസിന് പുതുച്ചേരി ഉൾപ്പെടെ പത്ത് സീറ്റുകൾ അനുവദിച്ചിരുന്നു. മുഴുവൻ സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ഇടതുപാർട്ടികൾ മത്സരിച്ച നാലിടത്തും വിജയം സ്വന്തമാക്കി. സി.പി.എം സ്ഥാനാർഥികളായ എസ്. യു.വെങ്കടേശൻ(മധുര), ആർ.സച്ചിദാനന്ദം(ദിണ്ടുഗൽ), സി.പി.ഐ സ്ഥാനാർഥികളായ എം.ശെൽവരാസു(നാഗപട്ടണം), കെ.സുബ്ബരായൻ(തിരുപ്പൂർ) എന്നിവരാണ് ജയിച്ച ഇടതു സ്ഥാനാർഥികൾ. രാമനാഥപുരത്ത് മുസ്ലിംലീഗ് സ്ഥാനാർഥിയായ നവാസ്കനി സീറ്റ് നിലനിർത്തി. കേരളത്തിനുപുറത്ത് മുസ്ലിംലീഗിന് ലഭിച്ച ഏക ലോക്സഭാംഗമാണ് ഇദ്ദേഹം. ഡി.എം.കെയുടെ കനിമൊഴി (തൂത്തുക്കുടി), ടി.ആർ.ബാലു (ശ്രീപെരുമ്പുതൂർ), എ. രാജ(നീലഗിരി), ദയാനിധിമാരൻ(മധ്യ ചെന്നൈ), തമിഴച്ചി തങ്കപാണ്ഡ്യൻ(സൗത്ത് ചെന്നൈ), കോൺഗ്രസിലെ കാർത്തി ചിദംബരം(ശിവഗംഗ), എം.ഡി.എം.കെയുടെ ദുരൈ വൈകോ(തിരുച്ചി), വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് തിരുമാവളവൻ(ചിദംബരം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖർ.
ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ(കന്യാകുമാരി), തമിഴിസൈ സൗന്ദരരാജൻ(സൗത്ത് ചെന്നൈ), കേന്ദ്രമന്ത്രി എൽ.മുരുകൻ(നീലഗിരി), ബി.ജെ.പി നേതാവും നടിയുമായ രാധിക ശരത്കുമാർ(വിരുതുനഗർ), പുതിയ തമിഴകം പ്രസിഡന്റ് ഡോ. കൃഷ്ണസാമി(തെങ്കാശി), പാട്ടാളി മക്കൾ കക്ഷി നേതാവ് സൗമ്യ അൻപുമണി രാമദാസ്(ധർമപുരി) തുടങ്ങിയവർ പരാജയപ്പെട്ടു. തെലങ്കാന ഗവർണർ പദവി രാജിവെച്ചാണ് തമിഴിസൈ സൗന്ദരരാജൻ മത്സരരംഗത്തിറങ്ങിയത്.
അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്തുപോയ വിമത നേതാക്കളായ ഒ.പന്നീർസെൽവം രാമനാഥപുരത്തും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരൻ തേനിയിലും പരാജയമേറ്റുവാങ്ങി. ഇരുവരും ബി.ജെ.പി സഖ്യത്തിന്റെ പിന്തുണയോടെയാണ് ജനവിധി തേടിയത്.
എസ്.ഡി.പി.ഐ തമിഴ്നാട് അധ്യക്ഷൻ നെല്ലൈ മുബാറക് ദിണ്ടുഗലിൽ സി.പി.എമ്മിന്റെ ആർ.സച്ചിദാനന്ദത്തോട് തോറ്റു. പുതുച്ചേരിയിൽ നടന്ന ശക്തമായ മത്സരത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എം.പി വൈദ്യലിംഗം ബി.ജെ.പിയുടെ നമഃശിവായത്തെയാണ് പരാജയപ്പെടുത്തിയത്. പുതുച്ചേരിയിലെ ഭരണകക്ഷിയായ എൻ.ആർ കോൺഗ്രസിന്റെ പിന്തുണയും ബി.ജെ.പിക്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.