തമിഴകത്ത് ഡി.എം.കെ ആത്മവിശ്വാസത്തിൽ
text_fieldsചെന്നൈ: ജൂൺ നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ തമിഴ്നാട്ടിലെ ഡി.എം.കെ സഖ്യം ആത്മവിശ്വാസത്തിൽ. അതേസമയം അണ്ണാ ഡി.എം.കെ-ബി.ജെ.പി കേന്ദ്രങ്ങൾ ആശങ്കയിലാണ്. തമിഴ്നാട്ടിലെ 39 ലോക്സഭ മണ്ഡലങ്ങളിൽ 32 ഇടത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഡി.എം.കെ സ്വന്തം നിലയിൽ നടത്തിയ ആഭ്യന്തര സർവേ പ്രവചിക്കുന്നത്. കടുത്ത മത്സരം നടന്ന തേനി, തിരുനെൽവേലി, തിരുച്ചിറപ്പള്ളി, പൊള്ളാച്ചി, രാമനാഥപുരം എന്നീ സീറ്റുകളിൽ നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയം ഉറപ്പാണെന്ന് സർവേയിൽ പറയുന്നു. ധർമപുരി, കള്ളക്കുറിച്ചി സീറ്റുകളിലൊന്ന് നഷ്ടപ്പെട്ടേക്കാമെന്നും വിലയിരുത്തലുണ്ട്. ഈ രണ്ട് മണ്ഡലത്തിലും 80 ശതമാനത്തിലേറെയായിരുന്നു പോളിങ്. ധർമപുരിയിൽ ബി.ജെ.പി സഖ്യം സ്ഥാനാർഥിയായി രംഗത്തിറങ്ങിയ പാട്ടാളി മക്കൾ കക്ഷി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൻപുമണി രാമദാസിന്റെ ഭാര്യ സൗമ്യ അൻപുമണി ഡി.എം.കെ- അണ്ണാ ഡി.എം.കെ മുന്നണികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.
സംസ്ഥാനത്ത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ മുന്നണിക്ക് 38 സീറ്റുകളും അണ്ണാ ഡി.എം.കെക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. ഡി.എം.കെ സഖ്യത്തിലുള്ള കോൺഗ്രസിന് എട്ട് സീറ്റും സി.പി.എം, സി.പി.ഐ കക്ഷികൾക്ക് രണ്ട് സീറ്റ് വീതവും മുസ്ലിം ലീഗ്, വിടുതലൈ ശിറുതൈകൾ കക്ഷി എന്നിവക്ക് ഓരോ സീറ്റുമാണ് ലഭിച്ചത്.
ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ഈ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഫലം പ്രതികൂലമായാൽ അണ്ണാ ഡി.എം.കെയിൽ വീണ്ടും പ്രതിസന്ധി മൂർച്ഛിക്കാനാണ് സാധ്യത. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്നു. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ രണ്ട് കക്ഷികളും പ്രത്യേകം മുന്നണികളുണ്ടാക്കിയാണ് കളത്തിലിറങ്ങിയത്. അണ്ണാ ഡി.എം.കെയേക്കാൾ ബി.ജെ.പി കൂടുതൽ വോട്ട് നേടുമോയെന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
അണ്ണാ ഡി.എം.കെ വൻ പരാജയം ഏറ്റുവാങ്ങിയാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഏറ്റെടുക്കേണ്ടിവന്നേക്കും. പാർട്ടിയിലെ അസംതൃപ്തരായ നേതാക്കളെയും പ്രവർത്തകരെയും ഉപയോഗിച്ച് പളനിസാമിക്കെതിരെ കലാപമിളക്കിവിടാൻ സംഘടനക്ക് പുറത്തുള്ള വി.കെ. ശശികല, ഒ. പന്നീർശെൽവം, ടി.ടി.വി ദിനകരൻ എന്നിവരും ശ്രമിക്കും.
19 സീറ്റുകളിൽ മൽസരിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു സീറ്റിൽ വിജയമുണ്ടാവുകയോ അണ്ണാ ഡി.എം.കെക്ക് തുല്യമായി വോട്ടുകൾ ലഭ്യമാവുകയോ ചെയ്താൽ പോലും വലിയ വിജയമായി അവർ ഉയർത്തിക്കാണിക്കും. ബി.ജെ.പിയുടെ പ്രസ്റ്റീജ് സീറ്റായ കോയമ്പത്തൂരിൽ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈയാണ് മൽസരിച്ചത്. ഇവിടെ കാറ്റ് ഡി.എം.കെക്ക് അനുകൂലമാണ്. അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായ എസ്.ഡി.പി.ഐക്ക് ദിണ്ടുഗൽ സീറ്റാണ് നൽകിയത്. ഡിണ്ടുഗലിൽ ഡി.എം.കെ സഖ്യത്തിലെ സി.പി.എമ്മുമായാണ് എസ്.ഡി.പി.ഐ ഏറ്റുമുട്ടിയത്. പുതുച്ചേരി ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിക്ക് മുൻതൂക്കമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.