അംബേദ്കർ വിരുദ്ധ പരാമർശം; അമിത് ഷായെ വിമർശിച്ച് ഡി.എം.കെ
text_fieldsചെന്നൈ: അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തെ വിമർശിച്ച് പ്രമേയം പാസാക്കി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). പാർട്ടി അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന നിർവാഹക സമിതി യോഗം ഇതുൾപ്പെടെയുള്ള 12 പ്രമേയങ്ങൾ പാസാക്കി.
പാർലമെന്‍റിൽ ബി.ആർ. അംബേദ്കറെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ആദ്യ പ്രമേയം അപലപിച്ചു. അംബേദ്കറുടെ ത്യാഗങ്ങളെ അമിത് ഷാ അവഹേളിച്ചു, അത് അസ്വീകാര്യവും ബി.ജെ.പി ഭരണത്തിന് കീഴിലുള്ള പാർലമെന്‍ററി ജനാധിപത്യത്തിന് കളങ്കവുമാണെന്ന് പ്രമേയം പറയുന്നു. മന്ത്രിയുടെ പരാമർശങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ, പാർലമെന്‍റിനകത്തും പുറത്തും ബി.ജെ.പി നടത്തിയ നാടകങ്ങൾ പരിഹാസമായിരുന്നു എന്നും പ്രമേയം വ്യക്തമാക്കുന്നു.
ഡിസംബർ 17ന് രാജ്യസഭയിൽ രണ്ട് ദിവസത്തെ ഭരണഘടനാ ചർച്ചക്ക് സമാപനം കുറിച്ച് നടത്തിയ മറുപടി പ്രസംഗത്തിലാണ് അമിത് ഷാ വിവാദ പരാമർശം നടത്തിയത്. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്നത് ഇപ്പോൾ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കിൽ ഏഴ് ജന്മത്തിലും സ്വർഗം ലഭിക്കുമായിരുന്നു’ -എന്നാണ് അമിത് ഷാ പറഞ്ഞത്.
അംബേദ്കറെക്കുറിച്ചുള്ള ഷായുടെ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധം ഉയർന്നു. ഡിസംബർ 26ന് കർണാടകയിലെ ബെലഗാവിയിൽ നടക്കുന്ന പ്രവർത്തക സമിതിയോഗത്തിൽ കോൺഗ്രസ് തുടർ പ്രതിഷേധ പരിപാടികൾക്ക് അന്തിമ രൂപം നൽകും. ഇതോടൊപ്പം, ഇൻഡ്യ മുന്നണിയുടെ യോഗം വിളിച്ച് അംബേദ്കർ വിഷയത്തിൽ കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.