മുന്നാക്ക സംവരണവിധിക്കെതിരെ ഡി.എം.കെ സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ മുന്നാക്ക സംവരണത്തെ തമിഴ്നാട്ടിലെ സ്വന്തം സഖ്യകക്ഷികളായ കോൺഗ്രസും സി.പി.എമ്മും പിന്തുണക്കുന്ന സാഹചര്യത്തിൽ നിയമയുദ്ധവുമായി മുന്നോട്ടുപോകാൻ ഡി.എം.കെ. സാമ്പത്തിക സംവരണത്തിനും സംവരണപരിധിക്കുമെതിരായ സുപ്രീംകോടതി വിധിക്കെതിരായ സർവകക്ഷി യോഗം വിളിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തീരുമാനിച്ചിരുന്നുവെന്നും പാർട്ടിയിലെ ഉന്നത നേതാക്കളുമായി ഇതിനായി ചർച്ച നടത്തിയെന്നും ഡി.എം.കെ വൃത്തങ്ങൾ അറിയിച്ചു.
സർവകക്ഷിയോഗം വിളിച്ചാലും സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി സമർപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസും സി.പി.എമ്മും സഹകരിക്കില്ലെന്ന് ആശങ്കയുള്ളതുകൊണ്ടാണ് നേരത്തേ കേസിൽ കക്ഷിചേർന്നപോലെ ഡി.എം.കെ പുനഃപരിശോധന ഹരജിയും സമർപ്പിക്കാൻ തീരുമാനിച്ചത്. ഡി.എം.കെ രാജ്യസഭ അംഗം കൂടിയായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പി. വിൽസൺ മുഖേനയായിരിക്കും പുനഃപരിശോധന ഹരജി സമർപ്പിക്കുക. മുന്നാക്ക സംവരണത്തിനെതിരെ ഡി.എം.കെ സമർപ്പിച്ച ഹരജിയിൽ ഹാജരായിരുന്നതും അഡ്വ. പി. വിൽസൺ ആയിരുന്നു.
ഡി.എം.കെയുടെകൂടി ഹരജി തള്ളിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ പറഞ്ഞു. തമിഴ്നാട്ടിൽ ഹിന്ദുത്വ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബി.ജെ.പി, കോൺഗ്രസും സി.പി.എമ്മും ഡി.എം.കെക്കൊപ്പമില്ലെന്ന പ്രചാരണം നടത്തുമെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. ഇതിനെ പ്രതിരോധിക്കാൻ 2019ൽ രാജ്യസഭയിൽ മുന്നാക്ക സംവരണ ബിൽ അവതരണവേളയിൽ സി.പി.എം സഭാനേതാവ് രംഗരാജൻ മുന്നാക്ക സംവരണത്തെ പിന്തുണച്ചതിനെതിരെ രോഷപ്രകടനവുമായി പാർട്ടി നേതാവ് കനിമൊഴി ഇടപെടുന്ന വിഡിയോ ഡി.എം.കെ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
മുന്നാക്ക സംവരണ വിധി ഫുൾബെഞ്ചിന് വിടണം -സി.പി.ഐ
ന്യൂഡൽഹി: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയത് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ശരിവെച്ചത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സി.പി.ഐ. വിഷയം സുപ്രീംകോടതി ഫുൾബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ജാതി സെൻസസിന്റെ അഭാവത്തിൽ ഇത് പട്ടികജാതി, വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് പറയാനാവില്ല. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളിലും വ്യക്തതയില്ല -സി.പി.ഐ പ്രസ്താവനയിൽ പറഞ്ഞു.
സംവരണം സ്വകാര്യ സ്വാശ്രയ മേഖലക്കും ബാധകം -സുപ്രീംകോടതി
ന്യൂഡൽഹി: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ബാധകമായിരിക്കുമെന്ന് വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കുള്ള സംവരണത്തിൽനിന്ന് പിന്നാക്ക വിഭാഗങ്ങളെ പുറന്തള്ളിയതിൽ വിയോജിച്ച് ഭിന്നവിധി എഴുതിയ ജസ്റ്റിസ് രവീന്ദ്ര ഭട്ടാണ് മുന്നാക്ക സംവരണം സ്വകാര്യ സ്വാശ്രയ മേഖലക്കും ബാധകമാണെന്ന് വ്യക്തമാക്കിയത്.
സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരല്ലെന്ന് ജസ്റ്റിസ് ഭട്ട് തന്റെ വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. സമൂഹത്തിനാവശ്യമായ വിഭവങ്ങൾ പ്രദാനംചെയ്യുന്നതിൽ സ്വകാര്യസ്ഥാപനങ്ങൾക്കും പങ്കുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.