ഉടൽ ഇനി മണ്ണുക്ക്...
text_fieldsചെന്നൈ: തമിഴന്‍റെയും തമിഴ്നാടിന്‍റെയും അന്തസ് ഉയർത്തിപ്പിടിക്കാൻ എക്കാലവും പോരാടിയ കലൈജ്ഞർ എം. കരുണാനിധി ഒാർമയായി. വൈകീട്ട് ഏഴു മണിയോടെ ചെന്നൈ മറിന ബീച്ചിലെ പാർട്ടി സ്ഥാപകനും പ്രിയ നേതാവുമായ അണ്ണാ ദുരൈയുടെ സമാധിയോട് ചേർന്നാണ് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ഭൗതിക ശരീരം മറവ് ചെയ്തത്.
‘കലൈജ്ഞർ വാഴ്ക’യെന്ന മുദ്രാവാക്യത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ സമ്പൂർണ ഒൗദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. രാജാജി ഹാളിൽ നിന്ന് വിലാപയാത്രയായി മൃതദേഹം വഹിച്ചു കൊണ്ടുള്ള പുഷ്പാലംകൃത സൈനികവാഹനം വൈകീട്ട് ആറേകാലിന് അണ്ണാ സമാധിക്ക് സമീപം പ്രത്യേകമൊരുക്കിയ സ്ഥലത്ത് എത്തി. മദ്രാസ് ഹൈകോടതി ഉത്തരവിനെ തുടർന്നാണ് സംസ്കാരം മറിന കടൽക്കരയിൽ തന്നെ നടത്താനായത്.
മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ചതോടെയാണ് സംസ്കാര നടപടികൾക്ക് തുടക്കമായി. തുടർന്ന് രാജ്യത്തിെൻറ ആദരവ് പ്രകടിപ്പിക്കുന്നതിെൻറ ഭാഗമായി ഉന്നത സൈനിക ഉദ്യോഗസ്ഥർ പുഷ്പചക്രം സമർപ്പിച്ച് സല്യൂട്ട് ചെയ്തു. പിന്നീട് സ്റ്റാലിൻ, കനിമൊഴി, എം.കെ. അഴഗിരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും അന്ത്യാഞ്ജലിയർപ്പിച്ചു. മൃതദേഹം പുതപ്പിച്ച ദേശീയപതാക സ്റ്റാലിന് കൈമാറി. സംസ്കാരചടങ്ങിൽ മതാചാരപരമായ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ആചാരവെടികൾ മുഴങ്ങിയതോടെ മൃതദേഹം കണ്ണാടിക്കൂടിൽ നിന്ന് ചന്ദനമര നിർമിതമായ പേടകത്തിലേക്ക് മാറ്റി സംസ്കരിച്ചു.
കുഴിമാടത്തിന് സമീപത്തെ പന്തലിൽ ഗവർണർ ബൻവാരിലാൽ പുരോഹിത്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ദേവഗൗഡ, കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി കെ. നാരായണസാമി, കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മുകുൾ വാസ്നിക്, തിരുനാവുക്കരസർ, വീരപ്പമൊയ്ലി, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ, സംസ്ഥാന സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രി ഡി. ജയകുമാർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു. രാഷ്ട്രീയ ഗുരുവായ അണ്ണാദുെരെയുടെ സമാധിക്കരികിൽ ഒടുവിൽ കലൈജ്ഞറും സ്ഥാനംപിടിച്ചു.
DMK cadres climb over the wrought iron fence at Rajaji Hall after news of the High Court’s decision comes in. The Madras HC granted permission to bury the mortal remains of DMK chief M. Karunanidhi at Marina Beach. #Karunanidhi #Marina #RajajiHall https://t.co/pJ7lHVrHyY pic.twitter.com/zE7kZUIMqs
— The Hindu (@the_hindu) August 8, 2018
കലൈജ്ഞറെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ രാജാജി ഹാളിലേക്ക് എത്തിയത് സംഘർഷത്തിന് വഴിവെച്ചു. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത സുരക്ഷ കവചങ്ങളൊരുക്കിയിട്ടും നിയന്ത്രിക്കാനാവത്തതിനെ തുടർന്ന് പൊലീസ് ചെറിയ രീതിയിൽ ലാത്തിവീശി. എങ്കിലും സുരക്ഷാ കവചങ്ങൾ തകർത്ത് പ്രിയനേതാവിനെ കാണാൻ ജനം തള്ളിക്കയറുകയാണ്. അതിനിടെ, സംസ്കാരം നടക്കുന്ന മറീന ബിച്ചിന്‍റെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജാജി ഹാളിലെത്തി അന്ത്യോപചാരമർപ്പിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം, ടി.ടി.വി. ദിനകരൻ, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി രാഷ്ട്രീയ, സിനിമാ, സാഹിത്യ രംഗത്തെ പ്രമുഖർ ആദരാജ്ജലികൾ അർപ്പിച്ചു.
പുലര്‍ച്ചെ 5.30ഓടെയാണ് കനിമൊഴിയുടെ സി.ഐ.ടി നഗറിലെ വീട്ടില്‍ നിന്നും കരുണാനിധിയുടെ മൃതദേഹം ആംബുലന്‍സില്‍ രാജാജി ഹാളിലെത്തിച്ചത്. കരുണാനിധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ചൊവ്വാഴ്ച രാത്രി മുതല്‍ തന്നെ രാജാജി ഹാളിന് മുന്നില്‍ വരിനില്‍ക്കുന്നുണ്ടായിരുന്നു. രാവിെല ആറു മണിയോടെ മൃതദേഹത്തിൽ ദേശീയപതാക പുതച്ചു.
ആദരാഞ്ജലികൾ അർപ്പിക്കാൻ രാജാജി ഹാളിലെത്തിയ മുഖ്യമന്ത്രി പളനിസാമിക്കെതിരെ ഡി.എം.കെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. കലൈഞ്ജറുടെ സമാധിക്ക് മറിന ബീച്ചിൽ സ്ഥലമനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു മുദ്രാവാക്യം. രാഷ്ട്രീയത്തിലെ അതികായനായിരുന്നു കരുണാധിനിയെന്നും അദ്ദേഹത്തിെൻറ മരണം രാഷ്ട്രീയത്തിൽ വൻ വിടവുണ്ടാക്കുമെന്നും മാധ്യമങ്ങളുടെ മുന്നിൽ അനുശോചിച്ച മുഖ്യമന്ത്രി പക്ഷേ, സംസ്കാരസ്ഥലത്തെ സംബന്ധിച്ച തർക്കത്തെ കുറിച്ച് പ്രതികരിച്ചില്ല.
മറിന ബീച്ചിലെ അണ്ണാ സമാധിയോട് ചേര്‍ന്ന് കരുണാനിധിയെ അടക്കം ചെയ്യണമെന്നാണ് ഡി.എം.കെ പ്രവര്‍ത്തകരും അദ്ദേഹത്തിൻെറ കുടുംബവും ആവശ്യപ്പെട്ടെങ്കിലും ഇതിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നില്ല. ഗിണ്ടിയില്‍ ഗാന്ധി സ്മാരകത്തോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലം കരുണാനിധിയുടെ സ്മാരകത്തിനായി അനുവദിച്ചു കൊണ്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. തീരദേശ പരിപാലന നിയമപ്രകാരം മറിനയില്‍ കൂടുതല്‍ നിര്‍മാണങ്ങള്‍ പാടില്ലെന്നും ജയലളിതയുടെ മരണാനന്തരം മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹരജികള്‍ ഹൈകോടതിയിലുള്ളതും ചൂണ്ടിക്കാട്ടിയാണ് സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്.
സംസ്ഥാന സർക്കാർ നിർദേശം തള്ളിയ ഡി.എം.കെ ചൊവ്വാഴ്ച രാത്രി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. അടിയന്തര പ്രാധാന്യത്തോടെ കോടതി രാത്രി തന്നെ ഹരജി പരിഗണിക്കുകയും ചെയ്തു. എന്നാല്‍, അർധരാത്രി ഒന്നരയോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ അഭിഭാഷകൻെറ ആവശ്യത്തെ തുടര്‍ന്ന് കേസിന്‍റെ വാദം ബുധനാഴ്ച രാവിലെ എട്ട് മണിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളുടെ വാദപ്രതിവാദങ്ങൾക്ക് ശേഷം അണ്ണാ സമാധിക്ക് സമീപം കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാൻ ഹൈകോടതി അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.