'നിങ്ങളുടെ തമിഴ്നാട്' പ്രയോഗത്തിൽ പൊള്ളി ധനമന്ത്രി; നിർമലക്കെതിരെ രൂക്ഷ വിമർശനവുമായി 'മുരശൊലി'
text_fieldsചെന്നൈ: തമിഴ്നാട്ടുകാരിയായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ മുഖപത്രം 'മുരശൊലി'. തമിഴ്നാടുമായി ബന്ധപ്പെട്ട് ഈ മാസമാദ്യം പാർലമെന്‍റിൽ നടത്തിയ പരാമർശത്തെയാണ് 'മുരശൊലി' മുഖപ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചത്.
ആഗസ്റ്റ് ഒന്നിന് വിലക്കയറ്റത്തെ കുറിച്ചുള്ള ചർച്ചയിലാണ് നിർമല സീതാരാമൻ തമിഴ്നാട്ടുകാരെ ചൊടിപ്പിച്ച പ്രസ്താവന നടത്തിയത്. ബി.ജെ.പി സർക്കാർ അദാനിക്കും അംബാനിക്കും അനുകൂലമായ നിലപാടെടുക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി, 'നിങ്ങളുടെ നാട്ടിൽ, തമിഴ്നാട്ടിൽ, ഡാറ്റ സെന്‍ററുകൾ തയാറാക്കാനുള്ള 35,000 കോടിയുടെ പദ്ധതിയിൽ 59 ധാരണാപത്രമാണ് അദാനിയുമായി ഒപ്പിട്ടത്' എന്നായിരുന്നു ധനമന്ത്രി മറുപടി നൽകിയത്. തമിഴ്നാട്ടിലെ ഡി.എം.കെ മുന്നണിയിൽ സഖ്യകക്ഷിയാണ് കോൺഗ്രസ്.
'നിങ്ങളുടെ തമിഴ്നാട്ടിൽ' എന്ന പ്രയോഗമാണ് പ്രതിഷേധത്തിനിടയാക്കിയത്. നിങ്ങളുടെ തമിഴ്നാട് എന്ന് പറയത്തക്ക വിധത്തിൽ നിർമല സീതാരാമന് മനോനില നഷ്ടപ്പെട്ടതായി 'മുരശൊലി' വിമർശിച്ചു. തമിഴ് പറയുന്ന എല്ലാവരും തമിഴ്നാട്ടുകാരാവില്ലെന്നും ലേഖനത്തിൽ പറയുന്നു. തമിഴ്നാട്ടിലെ മധുരയാണ് നിർമല സീതാരാമന്‍റെ സ്വദേശം.
'നിങ്ങൾ എന്തിനാണ് 'ഞങ്ങളുടെ' തമിഴ്നാടിന് നേരെ ഇത്രയും പ്രകോപിതയാകുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശരിയായ ഉൾക്കൊള്ളാനുള്ള ശാന്തത കൈവരിക്കൂ' -ലേഖനത്തിൽ പറയുന്നു.
ഫണ്ടുകൾ പിന്നീട് കണ്ടെത്താനാകും. ശാന്തത കൈവരിച്ചാൽ മാത്രമേ ബി.ജെ.പി ഭരണത്തിലെ സമ്പദ് വ്യവസ്ഥയുടെ ശരിയായ അവസ്ഥ അവർക്ക് മനസിലാക്കാനാകൂ. അതിന് പകരം, ഇനിയും പ്രകോപിതയാവുകയാണെങ്കിൽ, യാഥാർഥ്യം അവർക്ക് മനസിലാക്കാനാകില്ല -ലേഖനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.