ബി.ജെ.പിയുടെ 'ആത്മനിർഭർ'നെതിരെ പാർലമെന്‍റിൽ തമിഴിൽ പൊങ്കാലയിട്ട് കനിമൊഴി എം.പി
text_fieldsപാർലെമന്റിലെ തമിഴ്നാട്ടിൽനിന്നുള്ള ഇരട്ടച്ചങ്കാണ് കനിമൊഴി എം.പി. അവരുടെ പാർലമെന്‍റിലെ ഓരോ പ്രകടനവും സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. ഉന്നയിക്കുന്ന ചോദ്യങ്ങൾ കൊണ്ടും വിഷയങ്ങൾ കൊണ്ടും ഒക്കെ വേറിട്ട ഒരു ജനപ്രതിനിധിയാണ് അവർ. പോരെങ്കിൽ നല്ല ഒന്നാന്തരം കവയിത്രിയും. അതിനാൽതന്നെ വാക്കുകൾക്കായി പരതേണ്ടി വരാറില്ല. കഴിഞ്ഞ ദിവസം പാർലമെന്‍റിലെ ശീതകാല സമ്മേളനത്തിൽ കനിമൊഴി നടത്തിയ സംസാരം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കേന്ദ്ര സർക്കാറിന്‍റെ പ്രമുഖ പദ്ധതിയായ 'ആത്മനിർഭർ ഭാരത്'നെ സംബന്ധിച്ച് സംസാരിക്കവെയാണ് കനിമൊഴി തമിഴിൽ തകർത്തത്. വലിയ കൈയടിയോടെയാണ് പാർലമെന്‍റ് അംഗങ്ങൾ പോലും കനിമൊഴിയുടെ വാക്കുകൾ ഏറ്റെടുത്തത്. സംസാരത്തിനിടെ ആത്മനിർഭർ എന്ന വാക്ക് ഉച്ചരിക്കുന്നതിൽ കനിമൊഴിക്ക് ബുദ്ധിമുട്ട് നേരിട്ടു. ഹിന്ദി ബെൽറ്റിൽനിന്നുള്ള അംഗങ്ങൾ എല്ലാവരും കൂടി അവരെ ആത്മനിർഭർ എന്ന് പറയാൻ പഠിപ്പിക്കാൻ മുന്നോട്ടുവന്നു. ഉടൻ വന്നു കനിമൊഴിയുടെ മറുപടി.
'ഇതാണ് നിങ്ങൾക്ക് ഇപ്പോഴും മനസിലാകാത്തത്. നമ്മൾ വ്യത്യസ്ത പ്രാദേശിക ഭാഷകൾ സംസാരിക്കുന്നയിടങ്ങളിൽനിന്നും വരുന്നവരാണ്. ഒന്നുകിൽ ഇത്തരം കാര്യങ്ങൾക്ക് ഇംഗ്ലീഷിൽ പറയണം. അല്ലെങ്കിൽ അതാത് പ്രാദേശിക ഭാഷകളിൽ പറയണം. അങ്ങശനയെങ്കിൽ ഞങ്ങൾക്കെല്ലാം അത് മനസിലാകുകയും പറയുകയും ചെയ്യാം' -കനിമൊഴി പറഞ്ഞു. ഹിന്ദി പറയുന്ന അംഗങ്ങളിൽ ആരോ ഇതിനിടെ കമന്‍റ് പാസാക്കിയത് കനിമൊഴിക്ക് അത്ര രസിച്ചില്ല. അവർ ബാക്കി കാര്യങ്ങൾ തമിഴിൽ പറഞ്ഞു. ഇതിന്‍റെ വീഡിയോ ഇപ്പോൾ തമിഴ്നാട്ടിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേർ കനിമൊഴിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.