ബി.ജെ.പിയുടെ വിജയം ഗോമൂത്ര സംസ്ഥാനങ്ങളിൽ മാത്രമെന്ന് ഡി.എം.കെ എം.പി; വിവാദത്തിന് പിന്നാലെ വിശദീകരണം
text_fieldsന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ മാത്രമാണ് ബി.ജെ.പിയുടെ വിജയമെന്നും ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് ഞങ്ങൾ ഇവയെ പൊതുവെ വിളിക്കാറുള്ളതെന്നും ഡി.എം.കെ എം.പി ഡി.എൻ.വി സെന്തിൽകുമാർ. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളിലെ ചർച്ചക്കിടെയായിരുന്നു എം.പിയുടെ വിവാദ പരാമർശം.
‘ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് നമ്മൾ പൊതുവെ വിളിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ബി.ജെ.പിയുടെ വിജയമെന്ന് രാജ്യത്തെ ജനങ്ങൾ ചിന്തിക്കണം. നിങ്ങൾക്ക് (ബി.ജെ.പി) ദക്ഷിണേന്ത്യയിലേക്ക് വരാൻ കഴിയില്ല. കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ എല്ലാ ഫലങ്ങളും നിങ്ങൾ കാണുന്നു. ഞങ്ങൾ അവിടെ വളരെ ശക്തരാണ്. ഈ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള ഒരു ഓപ്ഷൻ നിങ്ങൾക്കുണ്ടായാൽ ഞങ്ങൾ ആശ്ചര്യപ്പെടില്ല. അതിലൂടെ നിങ്ങൾക്ക് പരോക്ഷമായി അധികാരത്തിൽ വരാനാകും. കാരണം നിങ്ങൾക്ക് ഒരിക്കലും അവിടെ കാലുകുത്താനും എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാനും കഴിയില്ല’, എന്നിങ്ങനെയായിരുന്നു സെന്തിൽകുമാറിന്റെ വാക്കുകൾ.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി സെന്തിൽകുമാർ രംഗത്തെത്തി. ‘സഭക്കുള്ളിൽ ഞാൻ ചില പ്രസ്താവനകൾ നടത്തി. ഈ സമയം ആഭ്യന്തര മന്ത്രിയും ബി.ജെ.പി അംഗങ്ങളും സഭയിൽ ഉണ്ടായിരുന്നു. ഞാൻ ഇത് മുമ്പും എന്റെ പാർലമെന്റ് പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതൊരു വിവാദ പ്രസ്താവനയല്ല. എന്നിരുന്നാലും, ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അടുത്ത തവണ അത് ഉപയോഗിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം. ബി.ജെ.പിക്ക് എവിടെയാണ് ശക്തിയുള്ളതെന്ന് സൂചിപ്പിക്കാൻ മറ്റു ചില വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കാം’, അദ്ദേഹം വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
സെന്തിൽകുമാറിന്റെ ‘ഗോമൂത്ര സംസ്ഥാന’ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. എം.പിയുടെ പരാമർശം സനാതന പാര്യമ്പര്യത്തോടുള്ള അനാദരവാണെന്നും ജനവികാരത്തിനെതിരായി പ്രവർത്തിച്ചാൽ ജനം തന്നെ മറുപടി നൽകുമെന്നും ഗോമൂത്രത്തിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് ഡി.എം.കെ വൈകാതെ അറിയുമെന്നും ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി പറഞ്ഞു.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയും സെന്തിൽ കുമാറിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തി. ഡി.എം.കെയുടെ നിലവാരം ചെന്നൈ പോലെ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അഹങ്കാരമാകും അവരുടെ തകർച്ചക്ക് പ്രധാന കാരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പുതുച്ചേരിയിൽ എൻ.ഡി.എ സഖ്യമാണ് ഭരിക്കുന്നതെന്നും കർണാടകയിൽ അടുത്ത് വരെ ബി.ജെ.പിയായിരുന്നു അധികാരത്തിലെന്നും എം.പി സൗകര്യപൂർവം മറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇൻഡ്യ’ സഖ്യത്തിൽപ്പെട്ട അംഗത്തിന്റെ ഈ അപമാന പരാമർശത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ എന്നായിരുന്നു രാഹുൽ ഗാന്ധിയോട് ബി.ജെ.പി നേതാവ് സി.ടി രവിയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.