'ഗോമൂത്ര സംസ്ഥാനങ്ങൾ': ബി.ജെ.പിക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് സെന്തിൽകുമാർ; സഭയിൽ മാപ്പു പറഞ്ഞു
text_fieldsചെന്നൈ: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വിജയങ്ങൾക്കു പിന്നാലെ, ബി.ജെ.പിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിൽ മാപ്പ് പറഞ്ഞ് ഡി.എം.കെ എം.പി ഡി.എൻ.വി. സെന്തിൽകുമാർ. പിന്നാലെ സെന്തിൽകുമാർ തന്റെ പരാമർശവും പിൻവലിച്ചു.
''ഇന്നലെ ഞാൻ അശ്രദ്ധമായി നടത്തിയ പ്രസ്താവന, അംഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. വാക്കുകൾ മായ്ച്ചുകളയാൻ അഭ്യർഥിക്കുകയും ചെയ്യുന്നു. അനുചിതമായ ആ പദപ്രയോഗത്തിൽ ഖേദിക്കുന്നു.''-എന്നാണ് സെന്തിൽ കുമാർ ലോക്സഭയിൽ പറഞ്ഞത്.
കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോം വഴി സെന്തിൽകുമാർ മാപ്പുപറഞ്ഞിരുന്നു. അനുചിതമായ രീതിയില്‍ താനൊരു വാക്ക് ഉപയോഗിച്ചുവെന്നും തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും തന്റെ പരാമര്‍ശം തെറ്റായ അര്‍ഥത്തില്‍ പ്രചരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ പാർലമെന്റിൽ സെന്തിൽ കുമാർ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബി.ജെ.പി വിജയിക്കുന്നതെന്നും അവയെ ഗോമൂത്രസംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമായിരുന്നു പരാമർശം. തുടർന്ന് ബി.ജെ.പി സെന്തിൽകുമാറിന്റെ പരാമർശത്തിന് എതിരെ വരികയായിരുന്നു.
സനാതന പാരമ്പര്യത്തിന് കളങ്കമുണ്ടാക്കുന്ന പ്രസ്താവനയാണിതെന്നും ഇത്തരം ഭാഷയിലുള്ള വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നത് എതിർക്കപ്പെേടണ്ടതാണെന്നും ബി.ജെ.പി പറഞ്ഞു. പരാമർശം തള്ളി കോൺഗ്രസും രംഗത്തുവന്നു. പരാമർശം ദൗർഭാഗ്യകരമാണെന്നും സെന്തിൽ കുമാർ മാപ്പുപറയണമെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ആവശ്യപ്പെട്ടു. രാജീവ് ശുക്ലയും സെന്തിൽ കുമാറിന്റെ വാക്കുകൾ തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.