വല്യേട്ടൻ കളി വേണ്ട, ഇത് തമിഴ്‌നാടാണ് നാഗാലാൻഡല്ല -ഗവർണറെ വിരട്ടി ഡി.എം.കെ മുഖപത്രം
text_fieldsചെന്നൈ: കേന്ദ്രസർക്കാറിന്‍റെ നയങ്ങൾ അടിച്ചേൽപിക്കാനുള്ള തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഭരണകക്ഷിയായ ഡി.എം.കെയുടെ മുഖപത്രം മുരശൊലി. "ഇത് നാഗാലാൻഡല്ല, തമിഴ്‌നാടാണ്. ഇവിടെ വല്യേട്ടന്‍ മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനാവില്ല" എന്നാണ് മുരശൊലിയിലൂടെ മുന്നറിയിപ്പ്.
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്കെതിരെ (നീറ്റ്) സംസ്ഥാനം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിൽ നീറ്റിനെ അനുകൂലിച്ച് ഗവർണർ രംഗത്തുവന്നതാണ് ഡി.എം.കെയെ പ്രകോപിപ്പിച്ചത്. റിപബ്ലിക് ദിനത്തിലാണ് നീറ്റിനെ കുറിച്ച് ഗവര്‍ണര്‍ പരാമര്‍ശം നടത്തിയത്. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍, നീറ്റ് നിലവിൽ വന്ന ശേഷം സർക്കാർ മെഡിക്കൽ കോളജുകളിൽ സർക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ പൊതുവികാരം ഗവർണർ മനസിലാക്കണം. കേന്ദ്ര തീരുമാനം ഇവിടെ അടിച്ചേൽപ്പിക്കരുത്. കേന്ദ്ര പ്രതിനിധി എന്ന നിലയിൽ ഗവർണർ സംസ്ഥാനത്തെ ജനങ്ങളുടെ ഏകകണ്ഠമായ അഭിപ്രായം അറിയിക്കണമെന്നും മുരശൊലിയിലെ ലേഖനം ആവശ്യപ്പെട്ടു.
നേരത്തെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന രവിക്ക് രാഷ്ട്രീയ പരിചയം പോരെന്നും പൊലീസ് സ്വഭാവം ഇവിടെ പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും പത്രം ചൂണ്ടിക്കാട്ടി. 'ഗവർണർ ആകുന്നതിന് മുമ്പ് രാഷ്ട്രീയപരിചയമുള്ള ആളല്ല അദ്ദേഹം. വിരമിച്ച ശേഷം ഗവർണറായി നിയമിതനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് ഡിപ്പാർട്ട്‌മെന്‍റിൽ ചിലപ്പോൾ ഭീഷണിയുടെ രീതികൾ ആവശ്യമായി വന്നേക്കാം. അവ അവിടെ ഫലമുണ്ടാക്കിയേക്കും. പക്ഷേ, രാഷ്ട്രീയത്തിൽ അതൊന്നും പ്രയോജനപ്പെടില്ല. ഗവർണർ അത് മനസ്സിലാക്കണം" ലേഖനത്തിൽ മുന്നറിയിപ്പ് നൽകി. നാഗാലാൻഡിൽ മാധ്യമപ്രവർത്തകർ ഗവർണറുടെ വിടവാങ്ങൽ ചടങ്ങ് ബഹിഷ്‌കരിച്ചതും മുരശൊലി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.