സ്റ്റാലിൻ തരംഗം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഡി.എം.കെക്ക് മിന്നും ജയം
text_fieldsചെന്നൈ: പുതുതായി വിഭജിക്കപ്പെട്ട ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെക്ക് മിന്നുന്ന വിജയം. ഒമ്പത് ജില്ല പഞ്ചായത്തുകളിലും ഡി.എം.കെ ഭരണമുറപ്പിച്ചു. മൊത്തമുള്ള 140 ജില്ല കൗൺസിൽ അംഗങ്ങളിൽ 138ഉം ഡി.എം.കെ കരസ്ഥമാക്കി. അണ്ണാ ഡി.എം.കെക്ക് രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്.
ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി കാഞ്ചിപുരം, ചെങ്കൽപേട്ട്, തെങ്കാശി, വെല്ലൂർ, റാണിപേട്ട്, തിരുപ്പത്തൂർ, തിരുനൽവേലി, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നീ ജില്ലകളിലെ ജില്ല പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് യൂനിയൻ വാർഡ് മെംബർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങൾ എന്നീങ്ങനെ കാൽലക്ഷത്തോളം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 73.27 പോളിങ് ശതമാനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 74 കേന്ദ്രങ്ങളിലായാണ് വോെട്ടണ്ണൽ ആരംഭിച്ചത്.
ഫലം പ്രഖ്യാപിച്ച പഞ്ചായത്ത് യൂനിയൻ കൗൺസിലിലെ (ബ്ലോക്ക് പഞ്ചായത്ത്) 1381 സീറ്റുകളിൽ 1368 എണ്ണവും ഡി.എം.കെയാണ് നേടിയത്. 214 ഇടങ്ങളിൽ അണ്ണാ ഡി.എം.കെയും 45 ഇടങ്ങളിൽ പാട്ടാളി മക്കൾ കക്ഷിയും വിജയിച്ചു. ഭൂരിഭാഗം ഗ്രാമപഞ്ചായത്ത് വാർഡ് കൗൺസിലർ പദവികളും ഡി.എം.കെ നേടി. മികച്ച വിജയം സമ്മാനിച്ച വോട്ടർമാരോട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.