അരനൂറ്റാണ്ടിന് ശേഷം ഡി.എം.കെ നേതൃത്വത്തില്‍ പുതിയൊരാള്‍
text_fieldsചെന്നൈ: എം.കെ. സ്റ്റാലിന്‍ ഡി.എം.കെ തലപ്പത്തേക്ക് വരുമ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത് തലമുറമാറ്റം. അരനൂറ്റാണ്ടിന് ശേഷമാണ് ഡി.എം.കെ നേതൃത്വത്തിലേക്ക് പുതിയൊരാള്‍ എത്തുന്നത്. 1953 മാര്‍ച്ച് ഒന്നിനാണ് ദയാലു അമ്മാളു എന്ന കരുണാനിധിയുടെ രണ്ടാംഭാര്യയില്‍ സ്റ്റാലിന്‍ ജനിക്കുന്നത്. സ്റ്റാലിന്‍ ജനിച്ച് അഞ്ചാം ദിവസമാണ് റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരിച്ചത്. കമ്യൂണിസ്റ്റ് ആശയങ്ങളോട് കടുത്ത ആരാധനയുണ്ടായിരുന്ന കരുണാനിധി മകന് സ്റ്റാലിന്‍ എന്ന് പേരിട്ടു. ചെത്പേട്ടിലെ മദ്രാസ് ക്രിസ്ത്യന്‍ കോളജ് സ്കൂളിലും റോയപ്പേട്ടിലെ ന്യൂകോളജിലുമായി പഠനം പൂര്‍ത്തിയാക്കുന്നതിനൊപ്പം ദ്രാവിഡ രാഷ്ട്രീയം തലക്കുപിടിച്ചിരുന്നു. 14ാം വയസ്സില്‍, 1967ല്‍ നിയമസഭ തെരഞ്ഞെടുപ്പു വേളയില്‍ പാര്‍ട്ടിക്കായി തമിഴകത്തുടനീളം പ്രസംഗിച്ചു നടന്നയാളാണ് സ്റ്റാലിന്‍.
പ്രവര്‍ത്തനമികവിനെ തുടര്‍ന്ന് 20ാം വയസ്സില്‍ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം. തുടര്‍ന്ന് ‘84ല്‍ ചെന്നൈ തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, ‘89ല്‍ ജയിച്ചുകയറി. ‘91ല്‍ രാജീവ് ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ സ്റ്റാലിനും വീണു. എങ്കിലും 96 മുതല്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടുതവണയും ചെന്നൈക്കടുത്ത കൊളത്തൂരില്‍നിന്നാണ് സ്റ്റാലിന്‍ ജയിച്ചുവന്നത്. എങ്കിലും രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത് ‘96ല്‍ ചെന്നൈ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. 2001ലും ചെന്നൈ മേയറായി സ്റ്റാലിന്‍ തന്നെ ജയിച്ചെങ്കിലും ഒരാള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പദവികള്‍ വഹിക്കുന്നതിനെതിരെ ജയലളിത സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിമൂലം 2002ല്‍ സ്ഥാനം ഒഴിയേണ്ടിവന്നു.
2006ലെ കരുണാനിധി സര്‍ക്കാറില്‍ ആദ്യം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ സ്റ്റാലിനെ 2009ല്‍ ഉപമുഖ്യമന്ത്രിയാക്കി. എന്നാല്‍, പാര്‍ട്ടിയില്‍ കരുണാനിധിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. കരുണാനിധി പലതവണ സൂചനകള്‍ നല്‍കിയെങ്കിലും ജ്യേഷ്ഠന്‍ അഴഗിരിയുടെ എതിര്‍പ്പിനത്തെുടര്‍ന്ന് നീണ്ടുപോയി. ഒടുവില്‍ മൂന്നുവര്‍ഷം മുമ്പ് കരുണാനിധിയുടെ പ്രഖ്യാപനം വന്നു. സ്റ്റാലിനാണ് തന്‍െറ രാഷ്ട്രീയ പിന്‍ഗാമി എന്ന്. അത് കുടുംബത്തില്‍ പൊട്ടിത്തെറി ഉണ്ടാക്കുകയും അഴഗിരിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. എങ്കിലും അണികള്‍ സ്റ്റാലിനൊപ്പം നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.