സഖ്യത്തിന് ധിറുതിവേണ്ട; പാർട്ടിയെ സജ്ജമാക്കുകയാണ് ആദ്യം വേണ്ടതെന്ന് കോൺഗ്രസ് വിലയിരുത്തൽ
text_fieldsഉദയ്പുർ (രാജസ്ഥാൻ): രാഷ്ട്രീയ സാഹചര്യങ്ങൾക്കൊത്ത് ബി.ജെ.പിക്കെതിരായ സഖ്യം രൂപപ്പെടുത്തുന്നതിന് വാതിൽ തുറന്നിടുമെന്ന് കോൺഗ്രസ്. ദേശീയതയും ജനാധിപത്യവും സംരക്ഷിക്കാൻ സമാന മനസ്കരായ പാർട്ടികളുമായി സംഭാഷണത്തിന് കോൺഗ്രസ് പ്രതിബദ്ധമാണ് -നവസങ്കൽപ് ശിബിര സമാപന പ്രഖ്യാപനത്തിൽ കോൺഗ്രസ് വ്യക്തമാക്കി.
സഖ്യങ്ങളുടെ കാര്യത്തിൽ വ്യക്തമായ ചുവടുവെപ്പുകളൊന്നും പാർട്ടി രൂപപ്പെടുത്തിയിട്ടില്ല. അതിന് സമയമായിട്ടില്ലെന്ന കാഴ്ചപ്പാടാണ് നേതൃതലത്തിൽ ഉള്ളത്. സഖ്യങ്ങളിലേക്ക് ഇറങ്ങുന്നതിനുമുമ്പ് പാർട്ടിയെ സജ്ജമാക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് മേൽക്കൈ നേടിയത്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് കഴിയുമെന്ന വിശ്വാസ്യത ഉറപ്പിക്കുകയാണ് ആദ്യം വേണ്ടത്. നിലവിൽ കോൺഗ്രസിന്‍റെ ശ്രമങ്ങൾക്ക് നല്ല പ്രതികരണം ലഭിക്കണമെന്നില്ല. പാർട്ടി ഊർജ്ജസ്വലമാക്കി തെരഞ്ഞെടുപ്പിലേക്ക് അടുത്തുവരുന്നതിനൊത്ത്, സാഹചര്യങ്ങൾക്ക് അനുസൃതമായി നീങ്ങാമെന്നാണ് തീരുമാനം.
ബി.ജെ.പിയും കോൺഗ്രസുമായുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന സമ്പർക്ക പരിപാടികളിലേക്ക് ഇറങ്ങാൻ രാഷ്ട്രീയ പ്രഖ്യാപനത്തിൽ പ്രവർത്തകരെ പാർട്ടി ആഹ്വാനം ചെയ്തു. ഇന്ത്യൻ ദേശീയതയാണ് കോൺഗ്രസിന്‍റെ അടിസ്ഥാനസ്വഭാവം. അധികാര ആർത്തിയുമായി നിൽക്കുന്ന ബി.ജെ.പിയുടേത് കപട ദേശീയതയാണ്. ഈ വ്യത്യാസം പ്രവർത്തകർ ജനങ്ങളിലെത്തിക്കണം. താഴേത്തട്ടിൽ പ്രവർത്തനം സജീവമാക്കണം. ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്ത് വർഗീയഭിന്നത വ്യാപിപ്പിക്കുകയാണ്. ന്യൂനപക്ഷ-ദുർബലവിഭാഗങ്ങളെ പ്രതിയോഗികളാക്കി വോട്ട് സമാഹരിക്കുന്ന രാഷ്ട്രീയത്തിന് പാർട്ടി എതിരാണ്.
രാജ്യത്തിന്‍റെ ഫെഡറൽ ഘടനക്കുനേരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണം ആപത്കരമാണ്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറുന്നത് ബി.ജെ.പി പതിവുശൈലിയാക്കി. ഗവർണറുടെ പദവി അധികാരം പിടിച്ചടക്കാൻ ദുരുപയോഗിക്കുന്നു. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും എടുത്തുകളയുകയും വികലമായ അതിർത്തി പുനർനിർണയം നടത്തുകയും തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നത് കേന്ദ്ര സർക്കാറിന്‍റെ പിഴവുകളുടെ ഉദാഹരണങ്ങളാണെന്നും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.