മാപ്പ് പറഞ്ഞ് മുട്ടുകുത്തില്ല; രാഷ്ട്രീയം പഠിച്ചത് സവർക്കറുടെ സ്കൂളിലല്ലെന്ന് ബിനോയ് വിശ്വം
text_fieldsന്യൂഡൽഹി: രാജ്യസഭയിലെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവനയിൽ രൂക്ഷ പ്രതികരണവുമായി ബിനോയ് വിശ്വം എം.പി. എത്ര ദിവസവും സഭക്ക് പുറത്തിരുന്നാലും മാപ്പ് പറയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
രാഷ്ട്രീയം പഠിച്ചത് സവർക്കറുടെ സ്കൂളിൽ നിന്നല്ല. ബ്രിട്ടീഷുകാർക്ക് മുമ്പിൽ മുട്ടുകുത്തി മാപ്പ് പറഞ്ഞവർക്ക് മാത്രമേ തങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടാൻ സാധിക്കൂ. മാപ്പ് പറഞ്ഞ് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എം.പിമാരുടെ സമരം ജനങ്ങളും ഏറ്റെടുക്കും. ഭരണകൂടത്തിനെതിരെ പ്രതിപക്ഷ ഐക്യം ഊട്ടിഉറപ്പിക്കാൻ ഇടയാക്കിയ ബി.ജെ.പിയോട് നന്ദിയുണ്ടെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് വ്യക്തമാക്കി.
രാജ്യസഭയിലെ 12 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു ഇന്നലെയാണ് സഭയെ അറിയിച്ചത്. അംഗങ്ങളുടെ സസ്െപൻഷൻ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അപേക്ഷ തള്ളിയ വെങ്കയ്യ നായിഡു, അംഗങ്ങൾക്ക് ഖേദമില്ലെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ, സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ഇന്ന് മുതൽ സമ്മേളനം തീരുംവരെ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ നടത്താൻ സസ്പെൻഷനിലായ 12 എം.പിമാർ തീരുമാനിച്ചിരുന്നു. രാജ്യസഭ അധ്യക്ഷന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കോടതിയിൽ പോയാലും മാപ്പുപറയില്ലെന്ന് എം.പിമാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.