ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെക്കരുത് -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ ആവശ്യപ്പെടുമ്പോൾ ഒരു പ്രത്യേക മതവിഭാഗത്തെമാത്രം ലക്ഷ്യം വെക്കാനാവില്ലെന്ന് സുപ്രീംകോടതി.
അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ മറ്റു മതവിഭാഗങ്ങളുടെ നാമവും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കൂടി ഹരജിയിൽ ഉൾപ്പെടുത്തണമെന്ന് ഹരജിക്കാരനായ തീവ്ര ഹിന്ദുത്വ നേതാവിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹിന്ദുമതം സ്വീകരിച്ച് തീവ്ര ഹിന്ദുത്വ നേതാവായി മാറിയ യു.പി മുൻ ശിയാ വഖഫ് ബോർഡ് ചെയർമാൻ ജിതേന്ദ്ര നാരായൺ ത്യാഗി എന്ന സയ്യിദ് റിസ്വിയാണ്, മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഹരജി സമർപ്പിച്ചത്.
മുസ്ലിംകളെമാത്രം ലക്ഷ്യമിട്ടാണ് ഹരജിയെന്ന് മുസ്ലിം ലീഗ് ബോധിപ്പിച്ചപ്പോഴാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ലീഗിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറയുന്ന കാര്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് ഷാ നിർദേശിച്ചു.
ഹരജിക്കാരൻ എല്ലാവരോടും നീതിപൂർവവും മതേതരവുമായിരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ പാർട്ടികളെയും കക്ഷി ചേർക്കുക എന്നത് പ്രായോഗികമല്ലെങ്കിൽ ഓരോ മതവിഭാഗങ്ങളിൽനിന്നും മതനാമങ്ങൾ ഉപയോഗിക്കുന്ന ഓരോ രാഷ്ട്രീയ പാർട്ടികളെയെങ്കിലും കക്ഷിയാക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശിച്ചു.
മതനാമങ്ങളും മതചിഹ്നങ്ങളുമുള്ള എല്ലാ പാർട്ടികളെയും ഹരജിക്കാരൻ തന്റെ ഹരജിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന് വേണ്ടി ഹാജരായ, മുൻ അറ്റോണി ജനറലും മുതിർന്ന സുപ്രീംകോടതി അഭിഭാഷകനുമായ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു.
അത്തരം പാർട്ടികളുടെ പട്ടിക സുപ്രീംകോടതിക്ക് മുമ്പാകെ വെച്ച വേണുഗോപാൽ ഈ കേസിൽ എടുക്കുന്ന ഏതൊരു തീരുമാനവും മറ്റു ഭാഷാടിസ്ഥാനത്തിലും മേഖലാടിസ്ഥാനത്തിലും പ്രവർത്തിക്കുന്ന നിരവധി പ്രാദേശിക പാർട്ടികളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതിനാൽ വിഷയം ഭരണഘടന ബെഞ്ചിന് വിടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് മുസ്ലിം ലീഗും മജ്ലിസും സമർപ്പിച്ച സത്യവാങ്മൂലങ്ങൾക്ക് മറുപടി നൽകാൻ ബെഞ്ച് സമയം അനുവദിച്ചു. മുസ്ലിമീൻ എന്ന് പേരിലുള്ളതുകൊണ്ട് മാത്രം മതാടിസ്ഥാനത്തിൽ വോട്ട് തേടുന്നുവെന്ന് പറയാനാവില്ലെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.